പൂവച്ചൽ : സമഗ്രശിക്ഷാ കേരള പൊതുവിദ്യിലയങ്ങളിൽ നടപ്പിലാക്കുന്ന നൂതനാശയ പരിപോഷണപരിപാടിയായ സർഗവിദ്യാലയത്തിന്റെ ഭാഗമായി പൂവച്ചൽ ഗവ. യു.പി.സ്കൂൾ ഏറ്റെടുത്ത വായനോത്സവം ,കിളിമൊഴി (കുട്ടികളുടെ ആകാശവാണി ) എന്നിവയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ അവതരണം സ്കൂളിൽ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം നിർവഹിച്ചു.
വായനോത്സവ മാഗസീന്റെ പ്രകാശനവും അമ്മവായനയിൽ ഏറ്റവും കൂടുതൽ പുസ്തകം വായിച്ചവർക്കുള്ള സമ്മാന വിതരണവും പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാമ ചന്ദ്രൻ നിർവഹിച്ചു. കിളിമൊഴി ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണം കാട്ടാക്കട ബി പി ഒ സതീഷ് നിർവഹിച്ചു.
എസ് എം സി ചെയർമാൻ നാസറുദീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ജി ലതകുമാരി സ്വാഗതവും സ്റ്റാഫ്സെക്രട്ടറി അരുൺകുമാർ നന്ദിയും അറിയിച്ചു. ജി ഒ ഷാജി ,പ്രവീണ ,ജയശ്രീ, നസ്റിൻ , ഷൗക്കത്തലി എന്നിവർ സംസാരിച്ചു. യോഗാനന്തരം വൈവിധ്യമാർന്ന വായനോത്സവ കലാപരിപാടികളും കിളിമൊഴി ലൈവ് ഷോയും സംഘടിപ്പിച്ചു.