കാട്ടാക്കട : നിരവധി പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ മയക്കു മരുന്ന് കേസുകളിലെ പ്രതിയുമായ വിളപ്പിൽശാല കൊങ്ങപ്പള്ളി വള്ളിമംഗലം വീട്ടിൽ താമസിക്കുന്ന തത്ത ബിനു എന്ന ബിനുവിനെയാണ് 1,100 കിലോഗ്രാം കഞ്ചാവുമായി കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കാട്ടാക്കട, കണ്ടല, മാറനല്ലൂർ വിളപ്പിൽശാല പ്രദേശങ്ങളിൽ ഉൾപ്പെടെ വിവിധ സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തി വന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാനിയാണ് ഇയാൾ എന്നു എക്സൈസ് പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങി വാഹനങ്ങളിൽ അതിർത്തി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്ന കണ്ണികളിലെ പ്രധാനിയാണ്. ഇയാൾ സ്കൂളുകളിൽ കഞ്ചാവ് വിതരണത്തിന് വിദ്യാർത്ഥികളെ ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്തതിൽ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ നിരവധി യുവാക്കളും ഇയാളുടെ സംഘത്തിൽ കഞ്ചാവ് വിൽപനക്കാരായി പ്രവർത്തിക്കുന്നതായും പ്രതി പറഞ്ഞതായി എക്സൈസ് പറയുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് എന്ന് ഇൻസ്പെക്ടർ പറഞ്ഞു. 28 ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ 7 വർഷം ജയിൽ വാസം അനുഭവിച്ചിട്ടുള്ളതും, ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തിവരവെയാണ് ഇപ്പോൾ പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാട്ടാക്കട റേഞ്ച് ഇൻസ്പെക്ടർ ബി. ആർ. സ്വരൂപ്, പ്രിവന്റീവ് ഓഫിസർമാരായ ലോറൻസ്, ശിശുപാലൻ. സിവിൽ എക്സൈസ് ഓഫീസർമാരായ ഹർഷകുമാർ, രജി, അബ്ദുൾ നിയാസ്സി, ലിജി ശിവരാജൻ വനിത സിവിൽ എക്സൈസ് ഓഫീസർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.