തിരുവനന്തപുരം : നര്‍മ്മ കൈരളിയുടെ മുപ്പത്തിമൂന്നാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച 'ശൗചാലയത്തില്‍ നിന്ന് ക്യാമറാമാനോടൊപ്പം' എന്ന ഹാസ്യ നാടകം സദസിനെ നന്നേ ചിരിപ്പിച്ചു. ഫ്ളാറ്റ് പൊളിക്കുന്നത് ആഘോഷമാക്കുന്നവരേയും അതില്‍ വേദനിക്കുന്നവരേയും ഒരുപോലെ തന്മയത്തത്തോടെ അവതരിപ്പിക്കുന്ന നാടകമായിരുന്നു ഇത്.
ഓരോ സൈറന്‍ വിളിയും കേട്ട് ചിലരുടെ ചങ്ക് പറിയുമ്പോള്‍ അതിനിടയില്‍ പരമാവധി ആഘോഷിക്കുകയാണ്, മരടിലൂടെ മനസ് മരവിച്ച മുരടന്സ് ബാന്റ്. ലോക ചരിത്രത്തില്‍ ആരും കാണിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യയോടെ റിപ്പോര്‍ട്ടര്‍ എത്തുന്നതോടെ അത് വലിയ പൊട്ടിച്ചിരിയായി മാറി.
ഡോ. തോമസ് മാത്യു, മണിക്കുട്ടന് ചവറ, ദിലീപ് കുമാര്‍ ദേവ്, വേണു പെരുകാവ്, ഈശ്വര്‍പോറ്റി, ദീപു അരുണ്‍, പ്രദീപ് അയിരൂപ്പാറ, സ്റ്റാലിന്, ഗ്രേസി കരമന, അഡ്വ. മംഗളതാര, ഗായത്രി, അനിഷ തോമസ്, കൃഷ്ണദത്ത്, ദേവദത്ത് എന്നിവര്‍ രംഗത്തെത്തി. ചമയം സുരേഷ് കരമന, ശബ്ദ മിശ്രണം വിനു ജെ. നായര്‍. കല പ്രദീപ് അയിരൂപ്പാറ.
നാടകത്തിന് മുമ്പ് നടന്ന പൊതുയോഗത്തില്‍ കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വ. ബി. മധു, മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന് മിതൃമ്മല എന്നിവര്‍ അതിഥികളായി പങ്കെടുത്തു. നര്‍മ്മകൈരളി പ്രസിഡന്റ് വി. സുരേശന് അദ്ധ്യക്ഷനാനായി. ചിരിയരങ്ങില്‍ കൃഷ്ണ പൂജപ്പുര, ഡോ. എം. സുന്ദരേശന് എന്നിവര്‍ പങ്കെടുത്തു. വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി നടത്തിയ ഫലിത മല്‍സരത്തില്‍ എന്‍. ബാലചന്ദ്രന് നായര്‍, അരവിന്ദാക്ഷന് പിള്ള എന്നിവര്‍ സമ്മാനം കരസ്ഥമാക്കി.