കൊച്ചി : ഇന്ന് മുതല്‍ സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്സ് അടക്കം എല്ലാ തിയറ്ററുകളിലും ഇന്നുമുതല്‍ സിനിമ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിക്കും. പത്ത് രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റിന് നിരക്ക് കൂടുക. സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ. ടിക്കറ്റുകള്‍ക്കുമേല്‍ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന് തല്ക്കാലം വഴങ്ങാന്‍ തിയറ്റര്‍ സംഘടനകള്‍ തീരുമാനം എടുത്തതോടെയാണിത്. സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതിവിധി സര്‍ക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാല്‍ മുന്‍കാല പ്രാബല്യത്തോടെ തിയറ്ററുകള്‍ വിനോദ നികുതി അടയ്ക്കേണ്ടി വരും. ചില തിയറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി
നിലവില്‍ 100 രൂപ വരെയുളള ടിക്കറ്റുകള്‍ക്ക് 12% ജിഎസ്ടിയും അതിന് മുകളില്‍ 18%വുമാണ് ഈടാക്കുന്നത്. സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് നിരക്ക് 95 രൂപയാണ്. ഇതിനൊപ്പം മൂന്ന് രൂപ ക്ഷേമനിധി തുകയും രണ്ട് രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപയാക്കി. ഇതിന്റെ കൂടെ 12% ജിഎസ്ടിയും ഒരു ശതമാനം പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. തദ്ദേശഭരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അടിസ്ഥാന വിലയില്‍ അഞ്ച് ശതമാനം വിനോദ നികുതി ചുമത്തുകയും പിന്നീട് അതിന്റെ മേല്‍ അഞ്ച് ശതമാനം ജിഎസ്ടിയും ചേര്‍ത്ത് ഉത്തരവിറക്കി. ഇതോടെ ടിക്കറ്റിന്റെ അടിസ്ഥാന വില 95ല്‍ നിന്ന് 106 രൂപയായി ഉയര്‍ന്നു. 100 രൂപയ്ക്ക് മുകളിലായതിനാല്‍ ജിഎസ്ടി ഫലത്തില്‍ 18% ആയി. ഇതോടെയാണ് സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി ഉയര്‍ന്നത്.