കാട്ടാക്കട : കാട്ടാക്കട - പാറശ്ശാല മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കീഴാറൂർ പാലം നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു വരുന്നതായും എം.എൽ.എ മാർ പറഞ്ഞു. അപ്രോച്ച് റോഡുകളുടെ ടാറിംഗ് പൂർത്തിയായി വരുന്നു. ഇത് കൂടി പൂർത്തിയായാൽ പാലം ഗതാഗതത്തിന് തുറന്ന് നൽകാനാകും എന്ന് എം എൽ എ മാരായ ഐ.ബി സതീഷ്, സി.കെ ഹരീന്ദ്രൻ എന്നിവർ പറഞ്ഞു.
അന്തരിച്ച മുൻ സ്പീക്കർ കാർത്തികേയൻ ആര്യനാട് മണ്ഡലം എം.എൽ.എ ആയിരുന്ന 2004ൽ ആണ് ആദ്യ ടെന്റർ നടന്നത്. എന്നാൽ ആ ടെന്ററിൽ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ പണി തുടങ്ങാനാവാതെ വരികെയും ഉണ്ടായി. പിന്നീട് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തറക്കലിട്ട് കൺസ്ട്രക്ഷൻ കോർപറേഷനെ പ്രവൃത്തി ഏൽപ്പിച്ചെങ്കിലും പണി ഏങ്ങുമെത്താതെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. തുടർന്ന് നാട്ടുകാർ സമരങ്ങളും പതിക്ഷേധങ്ങളും നടത്തിയിരുന്നു.
2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് അതുവരെ പല തലങ്ങളിലായി മുടങ്ങി കിടന്നിരുന്ന കീഴാറൂർ പാലം എന്ന ഇരു മണ്ഡലങ്ങളിലേയും ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യത്തിന് പുതുജീവൻ വച്ചത്. 2019 ഫെബ്രുവരിയോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ വ്യതിയാനം നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രതീക്ഷിച്ച വേഗതയിൽ കുറവ് വരുത്തി. എങ്കിലും 2019 ഡിസംബറിൽ തന്നെ പാലം ഗതാഗതത്തിനായി തുറന്ന് നൽകാനുള്ള അടിയന്തര പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്ന് വരുന്നത് എന്നും എം എൽ എ മാർ പറഞ്ഞു.




