കാട്ടാക്കട : പട്ടണത്തിലെ തിരുവനന്തപുരം റോഡില്‍ പ്രസ്സ് ക്ലബിന് മുന്നിലെ വെള്ളക്കെട്ട് യാത്രക്കാര്‍ ദുരിതമാകുന്നു. കുളത്തുമ്മൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലേക്ക് പോകുന്ന റോഡിൽ നിന്നും മറ്റു ഭാഗങ്ങളിൽ നിന്നുള്ള മഴവെള്ളം ഇവിടെയാണ് വന്നടിയുന്നത്. മഴക്കാലമായതോടെ സമീപ പ്രദേശങ്ങളിൽ നിന്നും ഉള്ള മാലിന്യങ്ങളും വെള്ള ക്കെട്ടിൽ ക്കെട്ടിക്കിടക്കുകയാണ്. ഇതുവഴിയുള്ള കാൽനടയാത്രയും ദുസ്സഹമാണ്. മഴപെയ്താൽ ഈ ഭാഗത്ത് മുട്ടോളം വെള്ളം ഉയരുന്നത് നിത്യ സംഭവമാണ്.
5000ത്തോളം കുട്ടികള്‍ പഠിക്കുന്ന തൊട്ടടുത്തുള്ള സ്കൂളിലേക്ക് കുട്ടികള്‍ വരുന്നതും പോകുന്നതും ഈ റോഡിലൂടെയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്ക് വെള്ളത്തിലൂടെയല്ലാതെ നടക്കാനാകില്ല. വെള്ളക്കെട്ടിലെ ചെളി റോഡിന്റെ കാല് ഭാഗത്തോളം നിറഞ്ഞതിനാല്‍ കാല്‍നടയാത്രക്കാര്‍ ഇവിടെ എത്തുമ്പോള്‍ റോഡിന്റെ നടുവിലൂടെയാണ് പലപ്പോഴും നടക്കുന്നത്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ തെറിക്കുന്ന മലിന ജലം വഴിയാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ദേഹത്തേക്കും തെറിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടതെ പട്ടണത്തിലെ വിവിധയിടങ്ങളിലും ഇതേ റോഡിലെയും ഓടകളുടെ നവീകരണം തകൃതിയായി നടക്കുമ്പോഴും ഈ ഭാഗം അധികൃതർ ഒഴിവാക്കുന്നതായും നാട്ടുകാർ പറയുന്നു. അതെ സമയം കഴിഞ്ഞ വർഷം കാട്ടാക്കട പഞ്ചായത്ത് അധികൃതർ എത്തി ഓട നവീകരിച്ചിരുന്നു. എന്നാൽ റോഡിലെ ഓടകളിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ഓടകളിൽ നിക്ഷേപിക്കുന്നത് ആണ് വെള്ളക്കെട്ടിന് പ്രധാകരമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എത്രയും വേഗം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാ ണ് നാട്ടുകാരുടെ ആവശ്യം.




