കാട്ടാക്കട : നെയ്യാർ ഡാം പഴയ ചന്തയ്ക്ക് സമീപം നിലമേൽ വ്യാജ ചാരായ വിൽപ്പന നടത്തി വന്നിരുന്ന ചാനൽ കര കിഴക്കുംകര ചിറയിൽ പുത്തൻവീട്ടിൽ ഒഴിപ്പ് സുലോചന എന്ന സുലോചനയെ നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി അബ്ക്കാരി കേസുകളിൽ പ്രതിയായ സുലോചന സ്വന്തമായി ചാരായം വാറ്റി വിൽപന നടത്തി വരികയായിരുന്നു.
അതിരാവിലെ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആൾക്കാർ എത്തി മദ്യസേവ നടത്തുകയും പ്രദേശവാസികളെ അസഭ്യം പറയുകയും പതിവാണ്. ചാരായം ഇല്ലാത്ത സമയത്ത് സുലോചന ബിവറേജസിൽ നിന്നുള്ള വിദേശ മദ്യം വാങ്ങി വീട്ടിൽ വച്ച് ചില്ലറ വിൽപ്പന നടത്തുകയും പതിവാണ്. മാസങ്ങൾക്കിടെ മൂന്നാമത്തെ തവണയാണ് ഇവർ വീണ്ടും പിടിയിലാകുന്നത്.
കുന്നിന്റെ മുകളിലുള്ള വീട് ആയതിനാലും മറ്റു ഭാഗങ്ങളിലൂടെ രക്ഷപ്പെടാൻ കഴിയുമെന്നതുമാണ് സുലോചനയുടെ രക്ഷാകവചം. നെയ്യാർഡാം പോലീസ് നിരന്തരം വീക്ഷിച്ച് വനിതാ പൊലീസ് ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ മഫ്ടിയിൽ നിയോഗിച്ചുമാണ് ഇന്നലെ സുലോചന കൈയോടെ പിടികൂടിയത്. പിടികൂടുമ്പോൾ ഒന്നര ലിറ്റർ നാടൻ ചാരായവും 815 രൂപയും പിടിച്ചെടുത്തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഒരു സാമൂഹിക വിപത്ത് തൽക്കാലത്തേക്ക് ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. കൂടതെ പ്രദേശത്തെ സ്കൂൾ കോളേജ് വിദ്യാർത്ഥികളും മദ്യം വാങ്ങാൻ എത്തും എന്നും നാട്ടുകാർ പറയുന്നു. ഇവരെ കുറിച്ച് നാട്ടുകാർ പൊലീസിന് വിവരം അറിയിച്ചാൽ പുലർച്ചെ തന്നെ വിവരം നൽകുന്ന ആളിന്റെ വീട്ടിൽ എത്തി അസഭ്യ വർഷം നടത്തുക പതിവാണ് എന്നും നാട്ടുകാർ പറയുന്നു.
കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. നെയ്യാർ ഡാം എസ്. എച്ച്. ഒ. എസ് സാജു, എ. എസ്. ഐ. രമേശൻ, പോലീസുകാരായ ഗോപകുമാർ, സജി , സേവ്യർ, സജി മോഹൻ, ബിനു, ഷിബു, വിശാന്ത്, അനൂപ്, അനിൽ, വനിതാ പോലീസുകാരായ ഉഷ, അഖില എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




