കിളിമാനൂര്‍ : കിളിമാനൂര്‍ - ആലംകോട് റോഡില്‍ കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കൊച്ചുപാലത്തിന്റെ മുഖം മാറുന്നു. കാലപ്പഴക്കത്താലും സ്ഥലപരിമിതിയാലും ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്ന പാലമാണിത്. രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെയാണ് പുതിയ പാലത്തിനുള്ളനടപടി എന്ന് ബി.സത്യന്, എം.എല്‍.എ അറിയിച്ചു. അരനൂറ്റാണ്ടിലേറെ കാലം പഴക്കമുള്ള പാലത്തിന്റെ കൈവരികള്‍ തകരുകയും, കോണ്‍ക്രീറ്റ് ഇളകി കമ്ബികള്‍ പുറത്ത് വന്ന നിലയിലാണ്. കൈവരികള്‍ തകര്‍ന്നതോടെ പാലത്തിലൂടെ കാല് നടയാത്രയായി പോകുന്നവര്‍ വാഹനങ്ങള്‍ വന്നാല്‍ തോട്ടിലേക്ക് വീഴുന്ന അവസ്ഥയാണ്.
പഞ്ചായത്ത് പാലത്തിന് സമാന്തരമായി ഇരുമ്ബ് നടപ്പാലം നിര്‍മ്മിച്ചെങ്കിലും ,കൊച്ചു പാലത്തിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ പോകാന്‍ കഴിയുമായിരുന്നുള്ളൂ. ബി.സത്യന് എം.എല്‍.എ വിഷയത്തില്‍ ഇടപെടുകയും പുതിയ പാലത്തിനുള്ള ഭരണാനുമതി ലഭിക്കുകയുമായിരുന്നു. ഈ റോഡില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആലംകോട് മുതല്‍ - പുതിയ കാവ് വരെ ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ റോഡ് നവീകരിച്ചിരുന്നങ്കിലും, കൊച്ചു പാലം ഉള്‍പ്പെടുന്ന കിളിമാനൂര്‍ വരെയുള്ള ഒരു കിലോമീറ്റര്‍ വികസനമില്ലാത്ത അവസ്ഥയായിരുന്നു.
മണ്ഡലത്തിലെ പഴക്കം ചെന്ന പാലങ്ങള്‍ നവീകരിക്കുകയും, റോഡുകള്‍ ആധുനിക നിലവാരത്തില്‍ ആക്കുന്നതരത്തിലുള്ള വികസനമാണ് ലക്ഷ്യം. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കി ഈ റോഡ് നവീകരിക്കുന്നതോടെ മണ്ഡലത്തിലെ സംസ്ഥാന പാതയും -ദേശീയപാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും ആധുനിക നിലവാരത്തിലുള്ളതാകും.