തിരുവനന്തപുരം : ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ വാവുബലി ചടങ്ങുകള്‍ ആരംഭിച്ചു. പിതൃമോക്ഷം തേടി പതിനായിരങ്ങളാണ് ബലിതര്‍പ്പണം നടത്തുന്നത്. പലയിടത്തും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, അരുവിക്കര എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. പുലര്‍ച്ചെ 2.30ഓടെ തന്നെ ഇവിടങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.
പുലർച്ചെ നാല് മണിക്ക് മുൻപ് തന്നെ കഠിനംകുളം ആറാട്ട് കടവ് തീരത്ത് കർക്കിടക വാവ് ബലിതർപ്പണത്തിനായി പതിനായിരങ്ങളാണ് എത്തിയത്. പിതൃമോക്ഷ പ്രാപ്തിക്കായി ബലികർമ്മങ്ങൾ ചെയ്യാനായി കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി വൻ തിരക്കായിരുന്നു കഠിനംകുളത്ത് അനുഭവപ്പെട്ടത്. ശംഖ് മുഖം തീരത്ത് കടൽക്ഷോഭം രൂക്ഷമായി തീരം നഷ്ട്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നല്ലാരുഭാഗം ജനങ്ങളും ഇത്തവണ കഠിനംകുളത്താണ് ബലിതർപ്പണ കർമ്മങ്ങൾ ചെയ്തത്.
തിരുവനന്തപുരം ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ പ്രദേശങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് പിതൃതർപ്പണ കർമ്മങ്ങൾക്കായി കഠിനംകുളത്തേക്ക് ഒഴുകിയെത്തിയത്. രാവിലെ 10 മണി കഴിയുമ്പോഴും വൻ തിരക്കാണ് തീരത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നു ബലിതർപ്പണം നടത്തുന്നതിന് എത്തിച്ചേരാൻ കണിയാപുരം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കഠിനംകുളത്തേക്ക് പ്രത്യേക സർവ്വീസുകൾ വെളുപ്പിന് ഒരു മണി മുതൽ തന്നെ ആരംഭിച്ചു.
എന്നാൽ തിരക്കും ഗതാഗതവും നിയന്ത്രണ വിധേയമാക്കാൻ കഠിനംകുളം പോലീസിന്റെ ഭാഗത്ത് നിന്നും ഒരുവിധ പ്രവർത്തനങ്ങളും ഉണ്ടായില്ല. ആറാട്ടുകടവിലും തീരദേശ റോഡിലും പരിസരങ്ങളിലും ആയിരക്കണക്കിന് വാഹനങ്ങളാണ് ഗതാഗതകുരുക്കിൽപ്പെട്ടത്. ശക്തമായ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാരാണ് ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നൽകിയത്.
ശിവഗിരി മഠം, ചെമ്ബഴന്തി ശ്രീനാരായണ ഗുരുകുലം, കൈമനം അമൃതാനന്ദമയി മഠം, മാറനല്ലൂര്‍, അരുവിക്കര, വേളി, ആറ്റിങ്ങല്‍ കൊല്ലമ്ബുഴ എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടന്നു.
അരുവിക്കര ഡാം സൈറ്റിൽ ബലിതർപ്പണത്തിന് വൻ ജനാവലിയെത്തിച്ചേർന്നു. പുലർച്ചെ മുതൽ നൂറു കണക്കിനാളുകളാണ് ബലിതർപ്പണത്തിനെത്തിയത്. ഡാമിന് സമീപമുള്ള ബലിമണ്ഡപം, പോലീസ് സ്റ്റേഷന് സമീപമുള്ള ചെക്ക് ഡാം എന്നിവിടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബലിതർപ്പണ ചടങ്ങുകൾ നടത്തി. കെ. എസ്. ശബരീനാഥൻ എം. എൽ. എ. പുലർച്ചെ അരുവിക്കര ചെക്ക്ഡാം കടവിൽ തർപ്പണം നടത്തി.
ചടങ്ങുകൾക്ക് എത്തുന്നവർക്കായി വിവിധ ഡിപ്പോകളിൽ നിന്നും കെ. എസ്. ആർ. ടി. സി. പുലർച്ചെ മുതൽ സർവീസ് നടത്തി. വെള്ളനാട് പഞ്ചായത്തിലെ അംഗീകൃത ബലിതർപ്പണ കടവായ പഴയവീട്ടുമൂഴി ക്ഷേത്രത്തിനു സമീപമുള്ള കരമനയാറിലെ ബലിതർപ്പണ കേന്ദ്രത്തിൽ ആയിരക്കണക്കിനാളുകൾ ബലിതർപ്പണത്തിന് എത്തിച്ചേർന്നു. വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രം, പെരുമ്പള്ളി മൂഴി ദുർഗ്ഗാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിന് തിരക്കനുഭവപ്പെട്ടു.
പാപനാശത്തു വൻ ജനാവലിയെത്തിച്ചേർന്നു. പുലർച്ചെ 3 മണി മുതൽ ലക്ഷകണക്കിന് ആളുകളാണ് ബലിതർപ്പണത്തിന് എത്തിയത്. 400 ഓളം പരികർമ്മികളുടെ കാർമികത്വത്തിലാണ് ബലിതർപ്പണം നടന്നത്.
വിഴിഞ്ഞം, ഊറ്ററ ചിദംബരനാഥ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വാവ് ബലി കർമ്മങ്ങൾക്കായി ഒരുക്കിയ അടിമലത്തുറ കടൽ തീരമാണ് മത സൗഹാർദ പാഠങ്ങൾ പകരുന്ന കാഴ്ചകൾ കൗതുകമായി. ബലിതർപ്പണത്തിനു എത്തുന്നവരെ സഹായിക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സൗകര്യങ്ങൾ ഏർപ്പെടുത്താനും ഒരു മനസോടെ ഇവിടെ ഓടി നടക്കുന്നത് പ്രദേശവാസികളായ മത്സ്യ തൊഴിലാളികളാണ്.
കർമ്മങ്ങൾക്ക് ശേഷം പരിസരം ശുചികരിക്കുന്നതുൾപ്പടെ കഴിഞ്ഞ ആറുവർഷമായി ഇവിടുത്തുകാർ ഊണും, ഉറക്കവും ഉപേക്ഷിച്ചു പിതൃക്കൾക്കായി നടത്തുന്ന ബാലികർമ്മത്തിന്റെ പുണ്യം മനസിലാക്കി അവരുടെ സഹായത്തിനായി ഓടി നടക്കുന്നു.
നഗരസഭാ അധികൃതർ, ഗ്രാമപഞ്ചായത്ത് അധികൃതർ, പോലീസ്, പോലീസ് വിവിധ സ്കോഡുകൾ, ഫയർഫോഴ്സ്, ആംബുലൻസ് സർവീസ്, ലൈഫ് ഗാർഡുകൾ, വിവിധ സന്നദ്ധ സംഘടനകൾ, ഡോക്ടർമാർ, എസ്. പി. സി. കേഡറ്റുകൾ എന്നിവർ ബലിതർപ്പണ ചടങ്ങുകൾ അവസാനിക്കുന്നതുവരെ കര്‍മ്മനിരതരായി രംഗത്തുണ്ടായിരുന്നു.





