വിതുര : വധശ്രമക്കേസിൽ റിമാൻഡിൽ ആയ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും ആക്രമണം നടത്താൻ ശ്രമിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തൊളിക്കോട് ചേന്നൻപാറ വയലരികത്ത് വീട്ടിൽ എസ്. മുഹമ്മദ്ഷാഫിയെ (40) പൊലീസ് അറസ്റ്റ് ചെയ്ത്. പുളിമൂട് ജെ.എസ് ഫ്ലാറ്റിൽ സത്താറിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും വിതുര തോട്ടുമുക്ക് സ്വദേശി അനസും സുഹൃത്തും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ നാടൻ ബോബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് പോലീസ് അറിയിച്ചു.
വിതുര, ആര്യനാട്, പാലോട് പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ഏഴ് ബൈക്കുകളിലായി തൊളിക്കോട് പുളിമൂട്ടിൽ എത്തി ആക്രമണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് വിതുര സി.ഐ എസ്. ശ്രീജിത്, വിതുര എസ്.ഐ വി. നിജാം, സി.പി.ഒ സന്തോഷ്, ജവാദ്, നിതിൻ, ബൈജു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പോലീസ് വരുന്നത് കണ്ടു പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ സംഘവും സഞ്ചരിച്ച നമ്പർ പ്ലേറ്റില്ലാത്തതുൾപ്പടെയുള്ള ഏഴ് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.