നെടുമങ്ങാട് : പേരയം ഗവ. യു.പി.എസിലെ വിദ്യാർത്ഥികൾ തരിശ് ഭൂമിയിൽ കൃഷിയിറക്കി ഓണത്തിനു മുമ്പേ പച്ചക്കറികൾ വിളയിച്ചു. തരിശായികിടന്ന സ്കൂൾ പരിസരത്തത്തെ മുപ്പതു സെന്റ് സ്ഥലത്താണ് കൃഷി. കാർഷിക രംഗത്ത് താത്പര്യമുള്ള 40 കുട്ടികൾ ഉൾപ്പെട്ട കാർഷിക ക്ലബ് 'ഹരിത'യുടെ നേതൃത്വത്തിലായിരുന്നു പഠന സമയശേഷവും അവധി ദിവസങ്ങളിലും കൃഷി നടത്തിയത്. പടവലം, വെണ്ട, കത്തിരി, വഴുതന, മുളക്, പയർ, ചീര, പപ്പായ തുടങ്ങിയ വിളകളുടെ സമൃദ്ധിയാണിപ്പോൾ.
കൃഷിക്കായി ജൈവവളവും ജൈവകീടനാശിനിയുമാണ് ഉപയോഗിച്ചത്. ഏഴാം ക്ലാസുകാരൻ മണികണ്ഠനാണ് ലീഡർ. പച്ചക്കറിക്കൃഷിയോടൊപ്പം തന്നെ ഒരു വാഴത്തോട്ടം കൂടി നിർമ്മിച്ചിട്ടുണ്ട് ഈ വിദ്യാർത്ഥികൾ. ഇനി തെങ്ങും പ്ലാവും മാവും കൃഷി ചെയ്യാൻ തയ്യാറെടുക്കുകയാണ്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറിയുടെ എൺപത് ശതമാനത്തോളം ഇവിടെ വിളയിക്കുന്നതാണെന്ന് അദ്ധ്യാപകർ പറഞ്ഞു. സ്കൂളിലെ കൃഷിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പല കുട്ടികളും വീട്ടിലും കൃഷി ആരംഭിച്ചിട്ടുണ്ട്. പനവൂർ കൃഷി ഓഫീസർ ഷൈസ്, കൃഷി അസിസ്റ്റന്റ് പ്രിയകുമാർ, ഹെഡ്മിസ്ട്രസ് ബിന്ദു, പി.ടി.എ പ്രസിഡന്റും വാർഡ് മെമ്പറുമായ അനീഷ്, എസ്.എം.സി ചെയർമാൻ ബാബുരാജ് എന്നിവർ മേൽനോട്ടം വഹിച്ചു.




