വിതുര : ബൈക്കിൽ മുഖം മൂടി ധരിച്ച് എത്തി എട്ട് മാസം ഗർഭിണിയായ യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറിയശേഷം മൂന്നര പവന്റെ താലി മാല പൊട്ടിച്ചെടുത്ത മൂന്ന് പേരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. തൊളിക്കോട് അടപ്പുപാറ തോട്ടരികത്ത് വീട്ടിൽ എസ്. സിത്തു (21), പരപ്പാറ നീലഗിരി വീട്ടിൽ എസ്. ചിഞ്ചു എന്നു വിളിക്കുന്ന മിഥുൻ എസ്. നായർ (21), പരപ്പാറ തടത്തരികത്ത് വീട്ടിൽ എം. ഉമ്മർഫറൂക്ക് (21) എന്നിവരാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് ഇങ്ങനെ :-
ഇക്കഴിഞ്ഞ ഒന്നാം തീയതി ഉച്ചയ്ക്ക് യോടെ വിതുര- പേപ്പാറ റൂട്ടിൽ കുട്ടപ്പാറയ്ക്ക് സമീപമാണ് സംഭവം. തൊളിക്കോട് പരപ്പാറ മാങ്കാട് തടത്തരികത്ത് വീട്ടിൽ ശ്രുതി (26) യുടെ മാലയാണ് പ്രതികൾ കവർന്നത്. ബൈക്കിൽ മുഖം മൂടി ധരിച്ച് എത്തിയ രണ്ട് യുവാക്കളാണ് സുധിയുടെ മാല പട്ടാപ്പകൽ പൊട്ടിച്ചെടുത്തത്. ശ്രുതിയും കൂട്ടുകാരി മോളിയുമായി സ്കൂട്ടറിൽ സഞ്ചരിക്കവേ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ എത്തിയ പ്രതികൾ യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറിയശേഷം മാല പൊട്ടിച്ചു എടുക്കുകയായിരുന്നു. വിജനമായ വനമേഖലയിൽ വച്ചാണ് സംഭവം.
വിതുര മേഖലയിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചും, വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്തും, ഫോൺ കോൾ ഡീറ്റെയിൽസും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞത്. പ്രതികളിൽ ഫറൂക്കിനും മിഥുനിനും വീട്ടമ്മയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും, സംഭവദിവസം വീട്ടമ്മയെ പണം നൽകാമെന്ന് പറഞ്ഞ് പേപ്പാറയിൽ വിളിച്ചുവരുത്തിയെന്നും പൊലീസ് പറഞ്ഞു.
വീട്ടമ്മയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയും പേപ്പാറയിൽ എത്തിയപ്പോൾ വിജനമായ വനമേഖലയിൽ എത്തിച്ച് കണ്ണിൽ മുളക് പൊടി വിതറിയ ശേഷം കടന്നുകളയുകയായിരുന്നു.
വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐ വി. നിജാം, ഗ്രേഡ് എസ്.ഐ അബ്ദുൽഖാദർ, എ.എസ്.ഐ മാരായ രാജൻ, വിനോദ്, സുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജയൻ, സി.പി.ഒ നിതിൻ, സന്തോഷ്, ശ്യാം, ബിജു, സൈനികുമാരി എന്നിവര ടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


