തിരുവനന്തപുരം : പോലീസിന്റെ പ്രവര്‍ത്തനമികവ് അഖിലേന്ത്യാതലത്തില്‍ വിലയിരുത്തി അംഗീകരിക്കപ്പെടുന്ന മഹാമേളയാണ് അഖിലേന്ത്യാ പോലീസ് ഡ്യൂട്ടിമീറ്റ്. ചരിത്രത്തില്‍ ആദ്യമായി കേരളാ പോലീസ് ഇത്തവണ നടന്ന പോലീസ് ഡ്യൂട്ടിമീറ്റില്‍ അഖിലേന്ത്യാതലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്നുവീതം സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെ എട്ട് മെഡലുകള്‍ നേടിയാണ് കേരളാ പോലീസ് ദേശീയതലത്തില്‍ മൂന്നാംസ്ഥാനത്ത് എത്തിയത്.
കമ്പ്യൂട്ടര്‍ അവയര്‍നസ്സ് മത്സരവിഭാഗത്തില്‍ കേരളത്തിന് ഓവറാള്‍ ട്രോഫിയോടെ സ്വര്‍ണ്ണമെഡലും ലഭിച്ചു. ഈ മത്സരത്തിലെ മൂന്നു വിഭാഗങ്ങളിലുമായി 126.5 മാര്‍ക്ക് നേടി കേരളം മുന്നിലെത്തി. കമ്പ്യൂട്ടര്‍ അധിഷ്ടിത മത്സരങ്ങളില്‍ നേടിയ ഓവറാള്‍ ട്രോഫി ഡിജിറ്റല്‍ മേഖലയില്‍ കേരളാ പോലീസിന്റെ കഴിവും സാങ്കേതികവിദ്യയിലെ പാടവവും തെളിയിക്കുന്നതായി. ഉത്തര്‍പ്രദേശിനും തമിഴ്നാടിനും പിന്നിലായി മൂന്നാം സ്ഥാനം നേടിയ കേരളം മികവുറ്റ പലസംസ്ഥാനങ്ങളെയും കേന്ദ്ര പോലീസ് സേനകളെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
അട്ടിമറിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മത്സരത്തില്‍ തൃശൂര്‍ റേഞ്ച് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡിലെ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് കെ ആര് സ്വര്‍ണമെഡല്‍ നേടി. ഇതേ വിഭാഗത്തില്‍ കൊച്ചി സിറ്റി പൊലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ എം സജീവ് കുമാറിന് വെങ്കല മെഡലും ലഭിച്ചു. അട്ടിമറിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതില്‍ കേരളാ പോലീസ് രാജ്യത്തെ എല്ലാ പോലീസ് സേനകളെയും പിന്നിലാക്കിയാണ് ഈ മഹത്തായ നേട്ടം കൈവരിച്ചത്.
സ്ഫോടകവസ്തുകള്‍ കണ്ടെത്താനുള്ള പോലീസ് നായ്ക്കളുടെ കഴിവ് വിലയിരുത്തുന്ന മത്സരവിഭാഗത്തില്‍ വിഭാഗത്തില്‍ കേരളാ പോലീസിന്റെ ബഡ്ഡി എന്ന പോലീസ് നായയ്ക്കും പരിശീലകന് കെ. അജേഷിനും സ്വര്‍ണ്ണമെഡല്‍ ലഭിച്ചത് അസൂയര്‍ഹമായ നേട്ടമാണ്. ടെക്കന്പൂരിലേയും ഇന്‍ഡോറിലേയും ബി.എസ്.എഫ്, സി.ആര്.പി.എഫ് എന്നിവയുടെ അന്താരാഷ്ട്രനിലവാരമുള്ള പരിശീലനകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ച പോലീസ് നായ്ക്കളോടും പരിശീലകരോടും മത്സരിച്ചാണ് ഈ സുവര്‍ണ്ണനേട്ടം കേരളാ പോലീസ് കരസ്ഥമാക്കിയത്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ മറ്റു സംസ്ഥാനങ്ങളിലേയും കേന്ദ്ര പോലീസ് സേനകളിലേയും വിദഗ്ധരെ പരാജയപ്പെടുത്തിയാണ് കമ്പ്യൂട്ടര്‍ അവയര്‍നെസ് വിഭാഗത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജോണ്‍സ് രാജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിതിന് ജോയ്, പി.ജെ സില്‍ജോ എന്നിവര്‍ക്ക് വെള്ളി മെഡലും കെ. ആര് ഫെബിന് വെങ്കലമെഡലും ലഭിച്ചത്. സാങ്കേതിക മികവിന് പേരുകേട്ട തെലങ്കാന പോലീസ്, മുംബൈ പോലീസ്, ഡെല്‍ഹി പോലീസ്, കൊല്‍ക്കത്ത പോലീസ്, കേന്ദ്ര അന്വേഷണവിഭാഗങ്ങളായ സി.ബി.ഐ, എന്‍.ഐ.എ, എസ്.എസ്.ബി, ഇന്റലിജന്‍സ് ബ്യൂറോ എന്നീ വിഭാഗങ്ങളെ പിന്നിലാക്കിയാണ് കേരളാ പോലീസ് ഈ മേഖലയില്‍ ചരിത്രവിജയം നേടിയത്.
സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയുടെ പ്രത്യേക താല്പര്യപ്രകാരം കേരളാ പോലീസ് അക്കാഡമി കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കേരളാ പോലീസ് ടീം ഈ മികച്ച നേട്ടം കൈവരിച്ചത്. കേരളാ പോലീസ് അക്കാഡമി ഡയറക്ടര്‍ ഡോ.ബി സന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം പരിശീലനവിഭാഗം ഡി.ഐ.ജി അനൂപ് കുരുവിള ജോണിന്റെ മേല്‍നോട്ടത്തില്‍ ടീം മാനേജറും അക്കാഡമി അസിസ്റ്റന്റ് ഡയറക്ടറുമായ കെ.കെ അജി പരിശീലനം ഏകോപിപ്പിക്കുകയും ടീം അംഗങ്ങളോടൊപ്പം ഡ്യൂട്ടി മീറ്റില്‍ പങ്കെടുത്ത് സേനാംഗങ്ങളുടെ മനോവീര്യവും മത്സരക്ഷമതയും ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുകയും ചെയ്തു.



