തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കുന്നുകുഴി വാർഡിൽ ട്രാൻസ്മെൻ കെയർ ആൻഡ് ഷോർട് സ്റ്റേ ഹോം ബഹുമാനപെട്ട ആരോഗ്യ-സാമൂഹ്യനീതി-വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പാർശ്വവൽക്കരിക്കപ്പെടുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിനൊപ്പം എന്നും ഇടതുപക്ഷ സർക്കാർ കൂടെ ഉണ്ടാകുമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു ടീച്ചർ അറിയിച്ചു. ചടങ്ങിന് തിരുവനന്തപുരം നഗരസഭാ അധ്യക്ഷൻ ശ്രീ വി കെ പ്രശാന്ത് അധ്യക്ഷത നിർവഹിച്ചു.
സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ ബിജു പ്രഭാകർ മുഖ്യപ്രഭാഷണം നടത്തി. ക്വീയറിഥം കമ്മ്യൂണിറ്റി ബെയ്സ്ഡ് ഓർഗനൈസേഷൻ നടത്തുന്ന പ്രവർത്തികളെ അദ്ദേഹം അതിനന്ദിച്ചു. കുന്നുകുഴി വാർഡ് കൗൺസിലർ ശ്രീ ബിനു ഐപി ആശംസകൾ അറിയിച്ചു. ട്രാൻസ്ജെൻഡർ സെൽ സംസ്ഥാന പ്രോജക്ട് ഓഫീസർ കുമാരി ശ്യാമ എസ് പ്രഭ വകുപ്പിന്റെ ട്രാൻസ്ജെൻഡർ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു . കെഎസ്എസ്എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, സംസ്ഥാന ട്രാൻസ്ജെൻഡർ ബോർഡ് അംഗം ശ്രീ അനിൽ, ജില്ലാ ട്രാൻസ്ജെൻഡർ കമ്മിറ്റി അംഗം ഇഷാൻ കെ ഷാൻ, തണൽ ഹോം മാനേജർ മനു കാർത്തിക എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സാമൂഹ്യനീതി വകുപ്പ് മഴവിൽ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ട്രാൻസ്ജെൻഡർ ക്ഷേമപദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ട്രാൻസ്ജെൻഡർ കെയർ ആൻറ് ഷോർട്ടസ്റ്റേ ഹോമുകൾ. ലിംഗമാറ്റശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും അടിയന്തിര സാഹചര്യങ്ങളിൽ പെട്ടുപോകുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമാണ് ഈ ഹൃസ്വകാല താമസ സൗകര്യം ഗുണം ചെയ്യുക.
തിരുവനന്തപുരത്ത് കുന്നുകുഴി വാർഡിൽ ആരംഭിച്ച തണൽ ട്രാൻസ്മെൻ കെയർ ആൻറ് ഷോർട് സ്റ്റേ ഹോം കേരളത്തിലെ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങക്കായി പ്രവർത്തിക്കുന്ന ക്വീയറിഥം സിബിയോ മുഖേനയാണ് നടത്തുന്നത്. കേരളത്തിലെ ഏക ട്രാൻസ്മെൻ കെയർ ഹോം ആണ് കുന്നുകുഴിയിൽ പ്രവർത്തിക്കുന്നത്. കുന്നുകുഴി വാർഡിലെ ജനങ്ങളും കമ്മ്യൂണിറ്റി അംഗങ്ങളും അടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.


