തിരുവനന്തപുരം: ആശ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവും ഹോണറേറിയവും കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാക്കി ആശ സോഫ്റ്റുവെയര്‍ വഴി അതാത് ആശമാരുടെ അക്കൗണ്ടുകളിലേക്ക് നല്കി വരുന്നതായും ഇത് കൃത്യമായി പ്രതിമാസം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സി. കൃഷ്ണന് എം.എല്‍.എ. നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേരളത്തില്‍ ആശാപദ്ധതി 2007 ലാണ് ആരംഭിച്ചത്. സമൂഹത്തെ പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അത്തരം സേവനങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങളെ സഹായിക്കുകയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് ആശ പ്രവര്‍ത്തകരുടെ പ്രധാന ഉത്തരവാദിത്വം.
കേരളത്തില്‍ 14 ജില്ലകളിലായി നിലവില്‍ 22,230 പേര് ഗ്രാമ പ്രദേശങ്ങളിലും 3,650 പേര് നഗര്‍ പ്രദേശങ്ങളിലും 454 പേര് ട്രൈബല്‍ മേഖലയിലുമായി ആകെ 26,334 പേര് ആശ പ്രവര്‍ത്തകരായി പ്രവര്‍ത്തിച്ചു വരുന്നു.
വിവിധ പദ്ധതികളില്‍ നിന്നും ലഭിക്കുന്ന ഇന്‍സെന്റീവുകളും സംസ്ഥാന സര്‍ക്കാര്‍ മാസം തോറും നല്കുന്ന ഹോണറേറിയവും, പ്രതിമാസ നിശ്ചിത ഇന്‍സെന്റീവുകളുമാണ് ഇവര്‍ക്ക് നല്കിക്കൊണ്ടിരിക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആശമാരുടെ പതിമാസ ഹോണറേറിയം പ്രതിമാസം 1,000 രൂപ ആയിരുന്നു. കൂടാതെ ഫെബ്രുവരി 2016 മുതല്‍ മെയ് 2016 വരെയുളള 4 മാസം ഹോണറേറിയം കുടിശികയുമായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് 1,000 രൂപയില്‍ നിന്നും 4,500 രൂപയായി പ്രതിമാസ ഹോണറേറിയം വര്‍ദ്ധിപ്പിച്ചിട്ടുളളത്. 2010-17 ല്‍ 1,500 രൂപയായും 2017-18 ല്‍ 2000 രൂപയായും 2018-19 ല്‍ 4,000 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2019-20 ലെ ബഡ്ജറ് പ്രസംഗത്തില്‍ ഇപ്പോള്‍ നല്കി വരുന്ന പ്രതിമാസ ആശ ഹോണറേറിയം 4,000 രൂപയില്‍ നിന്നും 4,500 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
ഇതുകൂടാതെ ചാക്രിക അടിസ്ഥാനത്തിലുള്ള ഭവന സന്ദര്‍ശനങ്ങള്‍ക്ക് പ്രതിമാസം 2,000 രൂപ നിശ്ചിത ഇന്‍സെന്റീവും നല്കി വരുന്നു. ഇതിന് പുറമേ ചെയ്യുന്ന ജോലിക്കനുസൃമായി വിവിധ പദ്ധതികളില്‍ നിന്നും 1,500 രൂപ മുതല്‍ 2,000 രൂപ വരെ പ്രതിമാസ ഇന്‍സെന്റീവും ആശമാര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വിധത്തില്‍ 8,000 രൂപ മുതല്‍ 8,500 രൂപ വരെ പ്രതിമാസം ആശമാര്‍ക്ക് ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.