താമരശ്ശേരി : പഞ്ചായത്ത് ഓഫിസിന്റെ ഗോവണിപ്പടിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരൻ (56) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
പഞ്ചായത്ത് ഓഫിസിന് മുന്നിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചിരുന്ന ആളാണ് മുരളീധരൻ. ഓട്ടോയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ആരോപണം.
കഴിഞ്ഞ ദിവസം ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ സ്റ്റാൻഡിലെത്തി മുരളീധരനുമായി തർക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. ഇതിന് പിന്നാലെയാണ് ആത്മഹത്യ നടന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
സംഭവം അറിഞ്ഞ് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിലെ ആരോപണങ്ങൾ ഗൗരവത്തോടെ പരിശോധിക്കുകയാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഓട്ടോ ഡ്രൈവറുടെ മരണവാർത്ത പ്രദേശത്ത് വലിയ ദുഃഖം പരത്തി. സഹപ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തി അനുശോചനം രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈന്മ നമ്പരുകൾ - 1056, 0471- 2552056)


