കാലാവധിയുള്ള പദവികൾ സ്ഥിരമായി ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുന്നത് പതിവല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. എന്നാൽ 2028 ജൂലൈ 10 വരെ കാലാവധിയുള്ള ഗണേഷ്കുമാറിന്റെ ലൈസൻസിൽ ഇപ്പോഴും “എംഎൽഎ” എന്ന വിശേഷണം തുടരുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഗണേഷ്കുമാർ അംഗമായിരുന്ന നിയമസഭയുടെ കാലാവധി അവസാനിച്ചിട്ടും പദവി ലൈസൻസിൽ നിലനിൽക്കുന്നത് ചട്ടവിരുദ്ധമാണോയെന്ന് വകുപ്പ് പരിശോധിക്കുകയാണ്. വിഷയത്തിൽ വിശദീകരണം തേടി നോട്ടീസ് നൽകാനാണ് തീരുമാനം.
2019ൽ “സാരഥി” സോഫ്റ്റ്വേർ നിലവിൽ വരുന്നതിന് മുമ്പാണ് ലൈസൻസിൽ ഈ മാറ്റം വരുത്തിയതെന്നാണ് പ്രാഥമിക വിവരം. അന്നത്തെ നടപടിക്രമങ്ങളിലാണ് പദവി ചേർക്കപ്പെട്ടതെന്നാണ് വിലയിരുത്തൽ.
ഇതിനിടെ 18 വയസ് തികയുന്നതിന് മുമ്പ് ഗണേഷ്കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയതായും പരിശോധനയിൽ കണ്ടെത്തിയതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് വീണ്ടും പരിശോധിക്കുന്നുണ്ട്.
ക്രമക്കേട് സ്ഥിരീകരിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തുടർനടപടികൾക്കായി നിയമോപദേശം തേടാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.


