ആര്യനാട്: നെടുമങ്ങാട്–ആര്യനാട് മലയോര ഹൈവേയിൽ കുളപ്പട ഗവൺമെന്റ് ആശുപത്രിക്ക് സമീപം അമിതവേഗത്തിൽ സഞ്ചരിച്ച രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ (25), രാജേഷ് (21), ബിനോയ് (21) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഏകദേശം 11ഓടെയാണ് അപകടം സംഭവിച്ചത്. ശക്തമായ ഇടിയേറ്റ് രണ്ട് ബൈക്കുകളും പൂർണ്ണമായും തകർന്നു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുത്തിക്കുഴി ബൈബിൾ കോളേജിന് സമീപം സ്വദേശിയായ അഭിനവ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് പ്രാഥമിക വിവരം.
മരിച്ചവരിൽ ശ്രീലാൽ ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പാ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ തുടർന്ന് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് നെടുമങ്ങാട് യൂണിറ്റ് സ്ഥലത്തെത്തി റോഡിലെ രക്തക്കറകൾ നീക്കം ചെയ്തു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.


