തിരുവനന്തപുരം
അഭയമറ്റവർക്ക് ആശ്വാസമായും തീരാരോഗത്താൽ വലയുന്നവർക്ക് ഉറച്ച താങ്ങായും ഈ സർക്കാർ എന്നും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചുവപ്പുനാടകളിൽ കുടുങ്ങി അപേക്ഷകർ മാസങ്ങളോളം കാത്തിരുന്ന പഴയ സംവിധാനത്തിന് വിട നൽകി, 2016 നവംബറിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) പൂർണ്ണമായും ഓൺലൈനാക്കി പരിഷ്കരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ DBT സംവിധാനത്തിലൂടെ നേരിട്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം കൈമാറുന്ന സംവിധാനം ഇന്ന് ഫലപ്രദമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2016 മുതൽ 2021 വരെയുള്ള കാലയളവിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് 5715.92 കോടി രൂപ വിനിയോഗിച്ചു. ഇതിൽ 918.95 കോടി രൂപ ചികിത്സാ ധനസഹായമായി നൽകി. 2021 മുതൽ 2025 ഡിസംബർ 31 വരെ 2569.15 കോടി രൂപ വിവിധ സഹായങ്ങളായി വിതരണം ചെയ്തതിൽ 917.13 കോടി രൂപ ചികിത്സാ സഹായമായിരുന്നു.
2011-16 കാലയളവിൽ യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് 808.78 കോടി രൂപ മാത്രമായിരുന്നുവെന്നും, അന്നത്തെ സർക്കാർ സഹായം അനുവദിച്ച് ഉത്തരവായിട്ടും തുക നൽകാതിരുന്ന 29,930 അപേക്ഷകളിൽ പോലും പിന്നീട് എൽഡിഎഫ് സർക്കാർ പണം ലഭ്യമാക്കിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്നത്തെ സംവിധാനത്തിൽ അപേക്ഷകർ ദീർഘകാലം കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തികച്ചും സുതാര്യമായ ഈ പുതിയ സംവിധാനത്തിൽ അപേക്ഷയുടെ നിലവസ്ഥ https://cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകന് നേരിട്ട് പരിശോധിക്കാനാകും. എച്ച്ഐവി ബാധിതർക്കും ആർസിസിയിൽ ചികിത്സയിൽ കഴിയുന്നവർക്കുമായി പ്രത്യേക ഓൺലൈൻ സംവിധാനങ്ങളും, രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചുള്ള സഹായവിതരണവും ഉറപ്പാക്കിയിട്ടുണ്ട്.
മാരകമായ രോഗങ്ങൾ ബാധിച്ചവർക്ക് 3 ലക്ഷം രൂപ വരെ ധനസഹായവും, വാർഷിക വരുമാനം 2 ലക്ഷം രൂപ വരെ ഉള്ള കുടുംബങ്ങൾക്കായി ഈ പദ്ധതിയുടെ ആനുകൂല്യങ്ങളും ലഭ്യമാകുന്നു. ദുരന്തഘട്ടങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും നൽകുന്ന വർധിപ്പിച്ച സഹായധനം സർക്കാരിന്റെ കരുതലിന്റെ തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


