തിരുവനന്തപുരം : സെപ്റ്റംബർ മാസം 27ന് നടക്കുന്ന ഭാരത് ബന്ദും കേരള ഹർത്താലും വിജയിപ്പിക്കുന്നതിന് എല്ലാ വിഭാഗം തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് എഐടിയുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാടും സെക്രട്ടറി മീനാങ്കൽ കുമാറും അഭ്യർഥിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ഉപേക്ഷിക്കുക, പൊതുമേഖല സ്വകാര്യ വൽക്കരണം നിർത്തിവക്കുക, പെട്രോൾ-ഡീസൽ-പാചകവാതക വില വർധനവ് തടയുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ മുൻനിർത്തി കർഷക ബന്ദിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തിട്ടുള്ള ക്യാമ്പയിൻ ഏറ്റെടുത്ത് വിജയിപ്പിക്കാൻ സംഘടിത-അസംഘടിത മേഖലയിലെ തൊഴിലാളികളും പ്രവർത്തകരും മുന്നോട്ടുവരണം.
സെപ്റ്റംബർ 22 ന് നഗരങ്ങളിലും ലോക്കൽ യൂണിറ്റ് പ്രദേശങ്ങളിലും ഭാരത് ബന്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പന്തം കൊളുത്തി പ്രകടനം നടക്കും. സംയുക്ത ട്രേഡ് യൂണിയന്റെ പ്രാദേശിക യോഗങ്ങളും 27 ന് രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന തൊഴിലാളികളുടെ ഐക്യദാർഢ്യ ബഹുജന കൂട്ടായ്മയും നിൽപ്പ് സമരവും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും മണ്ഡലം-മേഖല-യൂണിറ്റ് കേന്ദ്രങ്ങളിലും നടക്കും. പ്രധാന ജംഗ്ഷനുകളിലും തൊഴിൽ സ്ഥാപനങ്ങളിലും ലഘുലേഖ വിതരണവും പോസ്റ്റർ, ബോർഡ് പ്രചരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടി കർഷകർ നടത്തുന്ന പോരാട്ടം 10 മാസം പിന്നിട്ടിരിക്കുകയാണ്. ഇന്ത്യൻ പ്രക്ഷോഭ ചരിത്രത്തിലെ ഐതിഹാസിക പോരാട്ടങ്ങളിൽ ചരിത്രത്തിന്റെ ഭാഗമായി തീർന്നിരിക്കുന്ന ഈ മഹാസമരം 27ന് നടക്കുന്ന ഭാരത ബന്ദിലൂടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.