മംഗലാപുരം : ഹോട്ടലിൽ മദ്യപിക്കാൻ ഇടംകൊടുക്കാത്തതിന്റെ പേരിൽ ചെമ്പകമംഗലത്തിനു സമീപം ഇന്ദ്രധനുസ് ഹോട്ടലിൽ കയറി അക്രമം നടത്തുകയും ഉടമയായ സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ നിരവധി കേസുകളിലെ പ്രതി വെങ്കുളം തോപ്പിൽ മോനി നിവാസിൽ മോനി (27) യെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ദ്രധനുസ് ഹോട്ടലിൽ കയറിയ മൂന്നംഗ സംഘം ഗ്ലാസ് ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും ഹോട്ടൽ ഉടമയായ സ്ത്രീയെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഹോട്ടലിന്റെ അലമാരകൾ തല്ലിത്തകർത്ത സംഘം സമീപത്ത് നിറുത്തിയിട്ടിരുന്ന ആട്ടോറിക്ഷ കുത്തിക്കീറി. കൂടാതെ പാർക്ക് ചെയ്തിരുന്ന വാഹനത്തിൻ്റെ ഗ്ലാസ് അടിച്ചു തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
കൂടാതെ മംഗലപുരം, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസിലെ പ്രതി കൂടിയാണ് പിടിയിലായ മോനി എന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ. സുരേഷിനു കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ മംഗലാപുരം പോലീസ് ഇൻസ്പെക്ടർ പി.ബി.വിനോദ് കുമാർ, എസ്.ഐ തുളസീധരൻ നായർ, ജി.എസ്,ഐമാരായ ഗോപകുമാർ, ഹരി, രാധാകൃഷ്ണൻ പോലീസുകാരായ കുമാർ, വിഷ്ണു, ശാലു, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു