ന്യൂഡൽഹി : കൊറോണ പ്രതിരോധത്തിന് എല്ലാ സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് ഫണ്ടിന് കീഴിൽ - സംസ്ഥാനങ്ങൾക്ക് 11 , 092 കോടി രൂപ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ വീഡിയോ കോൺഫെറെൻസിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പ്രഖ്യാപനവും.
സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് ഫണ്ടിന്റെ (എസ്ഡിആർഎംഎഫ്) കീഴിൽ 11 , 092 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്കുള്ള നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവാണ് കേന്ദ്രം ഇന്ന് അനുവദിച്ചത് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ,സംസ്ഥാനങ്ങളുടെ കൈവശം കൂടുതൽ പണലഭ്യത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പതിവിലും നേരത്തെയുള്ള ഈ നടപടി .
കോവിഡ് 19 പ്രതിരോധ-നിയന്ത്രണ നടപടികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിനായി ,സംസ്ഥാന സർക്കാരുകൾക്ക്, സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്.ഡി.ആർ) ഉപയോഗപ്പെടുത്താനും കേന്ദ്രം അനുവാദം നൽകിയിരുന്നു.. ഇതിനായി നിലവിലെ ചട്ടങ്ങളിൽ കഴിഞ്ഞ മാസം 14 നു കേന്ദ്ര സർക്കാർ ഇളവ് വരുത്തിയിരുന്നു.




