തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വേഗത്തിൽ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് റെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആയിരം കിറ്റുകളാണ് ആദ്യ ഘട്ടത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കളക്ടർ കെ. ഗോപാലകൃഷ്ണന് കിറ്റുകൾ കൈമാറി.
എംപി ഫണ്ട് ഉപയോഗിച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തിരുവനന്തപുരത്ത് എത്തിച്ച ശശി തരൂർ എംപിയെ - മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു . ശശി തരൂർ എം . പിയുടെ ഫണ്ടിൽ നിന്നാണ് കിറ്റുകൾ സജ്ജമാക്കിയത്. 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് സംസ്ഥാനത്തെത്തിയത്.
2000 എണ്ണം കൂടി വരുന്ന ഞായറാഴ്ച എത്തും . റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വഴി രണ്ടര മണിക്കൂറിനുള്ളിൽ കൊവിഡ് 19ന്റെ ഫലം ലഭിക്കും . നിലവിൽ ഫലം അറിയാനായി ആറ് , ഏഴ് മണിക്കുറുകൾ വേണം . റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കൂടുതൽ എത്തുന്നതോടെ സമൂഹ വ്യാപനം കണ്ടെത്തി തടയാൻ സഹായകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംപിയുടെ ഫണ്ട് ഉപയോഗിച്ച് 250 ഫ്ലാഷ് തെർമോ - മീറ്ററുകളും , വ്യക്തിഗത സുരക്ഷാ കിറ്റുകൾ എന്നിവ കൂടി എത്തിക്കുമെന്ന് ശശി തരൂർ പറഞ്ഞിട്ടുണ്ട് . എപിയുടെ ഇടപെടൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . എംപി ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ ചെലവിട്ടാണ് 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ശശിതരൂർ എത്തിക്കുന്നത് . കൂടാതെ ഒരു കോടി രൂപ ചെലവിട്ട് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പ്രാദേശികമായി നിർമ്മിക്കുമെന്നും എംപി പറയുന്നു .




