കാട്ടാക്കട : സ്വകാര്യ ബാർ ഹോട്ടലിന് നേരെ ആക്രമണം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ, കുളപ്പട, മൊണ്ടിയോട് , വാലിക്കോണം സുദദ്രാ ഭവനിൽ കിടുമ്പൻ എന്ന് വിളിക്കുന്ന രാജേഷ് [32], പേരുമല മുബീന മൻസിലിൽ ഷെമീം [32], പള്ളിവേട്ട പഴയതെരുവ് വി കെ ഹൗസിൽ നസിമുദ്ദീൻ [34], പനയ്ക്കാട് കുളപ്പട അമലഗിരി സ്കൂളിന് സമീപം വടക്കുംകര വീട്ടിൽ ലാലി എന്ന് വിളിക്കുന്ന രാജേഷ് [28] എന്നിവരെയാണ് നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചു പ്രതികളിൽ നാലു പേരെയാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്. ഇനി ഒരു പ്രതിയായ വിഷ്ണു പിടിയിലാകാനുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് 3 . 30 മണിയോടെ അഞ്ച അംഗസംഘം കാട്ടാക്കട തിരുവനന്തപുരം റോഡിലുള്ള സ്വകാര്യ ബാർ ഹോട്ടലിന് നേരെ ആക്രമണം നടത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ നാലു പ്രതികളെയും തെളിവെടുപ്പിനായി കാട്ടാക്കട സിഐ യുടെ നേതൃത്വത്തിൽ ബാർ ഹോട്ടലിൽ എത്തിച്ചു.
വ്യാഴാഴ്ച ദിവസം രാവിലെ മദ്യപിക്കുന്നതിനായി ബാർ ഹോട്ടലിൽ ഓട്ടോറിക്ഷയിൽ എത്തിയ കിടുമ്പൻ എന്ന് വിളിക്കുന്ന രാജേഷ് അമിത മദ്യപാനത്തിന് ശേഷം മദ്യം വീണ്ടും ചോദിക്കുകയും മദ്യം ജീവനക്കാർ നൽകാത്തതിനെ തുടർന്ന് ബാർ കൗണ്ടറിൽ ബഹളം വയ്ക്കുകയും കസ്റ്റമേഴ്സിനെ ശല്യപ്പെടുത്താനും തുടങ്ങിയപ്പോൾ ബാർ ജീവനക്കാർ രാജേഷിനെ ബാറിൽ നിന്നും പുറത്താക്കി.
ഇതിൽ പ്രകോപിതനായ രാജേഷ് ആ സമയം ആര്യനാട് കുളപ്പടയിലുള്ള ഒരു വീട്ടിലിരുന്ന് മദ്യപിച്ച് കൊണ്ടിരുന്ന വിഷ്ണു, ഷെമീം, നസിമുദ്ദീൻ, രാജേഷ് ലാലി എന്നിവരെ ഫോണിൽ വിളിച്ചറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ സംഘം ആയുധങ്ങളുമായി ഒരു പിക്ക് അപ്പ് ആട്ടോറിക്ഷയിലും ബൈക്കിലുമായി വൈകുന്നേരം 3.20 തോടെ ബാർ ഹോട്ടലിലന് മുന്നിൽ എത്തുകയും രാജേഷും വിഷ്ണുവും ആയുധങ്ങളുമായി ബാർ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് അതിക്രമിച്ച് കയറുകയും റിസപ്ഷൻ ഗ്ലാസ് വാതിൽ അടച്ച് തടയാൻ ശ്രമിച്ച ബാർ ജീവനക്കാരെ ആയുധങ്ങൾ കാട്ടി ഭീക്ഷണിപ്പെടുത്തുകയും ഗ്ലാസ് വാതിൽ തകർത്ത് അകത്ത് കയറിയ സംഘം ജീവനക്കാരെ ഭയപ്പെടുത്തി ഓടിച്ച ശേഷം ബറിന്റെ റിസപ്ഷൻ, റസ്റ്റോറൻറും പൂർണമായും അടിച്ച് തകർത്തു.
കംപ്യൂട്ടറും ടാബും ഉൾപ്പെടെയുളള ഉപകരണങ്ങൾ നശിപ്പിക്കുകയും നിലവിളക്ക്, ഫിഷ് ടാങ്ക്, ഫർണിച്ചറുകൾ എന്നിവ അടിച്ചു തകർത്തു. ഇതിനിടെ റിസ്പഷനിസ്റ്റിന്റെ മൊബൈൽ ഫോണും കവർന്നു. ഈ സമയം ഷെമീമും നമുദ്ദീനും ലാലി എന്ന് വിളിക്കുന്ന രാജേഷും പ്രധാന ഗേറ്റിന് മുൻ വശം നിന്ന് പ്രതികൾക്ക് സംരക്ഷണം ഒരുക്കുകയും കൃത്യം കഴിഞ്ഞ് ഇറങ്ങിയ പ്രതികൾ രാജേഷിന്റെ വക ആട്ടോറിക്ഷയിലും പിക്ക് അപ്പ് ആട്ടോറിക്ഷയിലും ബൈക്കുകളിലുമായി ആയുധങ്ങളുമായി രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിനു ശേഷം സ്ഥലത്ത് എത്തിയ നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ, കാട്ടാക്കട പോലീസ് എന്നിവർ എത്തി തെളിവുകളും സി സി ടീവി ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു. തുടർന്ന് പ്രതികളെ മലയടി, നെടുമങ്ങാട്, പള്ളിവേട്ട, കുളപ്പട എന്നീ സ്ഥലങ്ങളിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അതെ സമയം കാട്ടാക്കട ബാർ ഹോട്ടലിൽ ഇതുവരെ മദ്യപിക്കാൻ എത്തിയിട്ടില്ലായിരുന്ന സംഘത്തെ പ്രാഥമിക ഘട്ടത്തിൽ മനസിലാക്കാൻ സാധിച്ചിട്ടില്ലാത്തതും തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയതിലാണ് പ്രതികളെ കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്.
പ്രതികൾ ബാർ ഹോട്ടലിലിൽ എത്തിയ ആട്ടോറിക്ഷ, പെട്ടി ആട്ടോറിക്ഷ, ബൈക്ക് എന്നീ വാഹനങ്ങളും കിട്ടുമ്പൻ രാജേഷ് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കാട്ടാക്കട കോടതി മുമ്പാകെ ഹാജരാക്കും.



