കാട്ടാക്കട : കൊറോണ രോഗപ്രതിരോധനത്തിനായി പ്രഥമിക മാർഗമെന്നനിലയിൽ ഉപയോഗിക്കുന്ന മുഖാവരണത്തിനു ഇപ്പോൾ സ്വർണത്തേക്കാൾ വില. സ്വകാര്യ മെഡിക്കൽ സ്റ്റോറിനു പുറമെ കേന്ദ്ര സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ ഉള്ള മെഡിക്കൽ കേന്ദ്രങ്ങളിൽ പോലും 25 മുതൽ അൻപത് രൂപവരെ ഈടാക്കുന്ന സ്ഥാപനങ്ങൾ താലൂക്കിൽ ഉണ്ട്. മാസ്കുകളുടെ ആവശ്യം വർധിച്ചതോടെ സാധാരണക്കാർ വാങ്ങാതിരുന്ന ഉല്പന്നതിനു ഇപ്പോൾ പൊന്നും വില ആയിരിക്കുകയാണ്. കടകളിൽ ഉണ്ടായിരുന്ന സ്റ്റോക്കുകൾ ഉൾപ്പടെ ഇരട്ടിയും പത്തിരട്ടിയും വിലക്കാണ് ചില മെഡിക്കൽ സ്റ്റോർ നൽകുന്നത്.
സർക്കാർ നിർദ്ദേശങ്ങൾ പോലും അവഗണിച്ചാണ് ഈ ഈ പകൽ കൊള്ള. നിലവിൽ ഫെയ് മാസ്കുകളുടെ വില മൂന്ന് രൂപ മുതൽ അഞ്ചു രൂപവരെ വിവിധ ഗുണനിലവാരത്തിൽ ലഭ്യമായിരുന്നു. ഇതാണ് ഇപ്പോൾ ചുരുക്കം ചില മെഡിക്കൽ ഷോപ്പുകളിൽ ഒഴികെ അമിതവില ഈടാക്കുന്നത്. പരാതികൾ ഉയർന്നതോടെ തങ്ങൾ മുൻപും
ഇപ്പോഴും മൂന്നു രൂപവരെ തുച്ഛമായ ലാഭത്തിലാണ് വിപണനം നടത്തുന്നത് എന്നും വിതരണക്കാരിൽ നിന്നും ഏറ്റവും കുറഞ്ഞ തുക ഇപ്പോൾ ഇരുപത്തി രണ്ടു രൂപ അൻപത് പൈസ എന്ന കണക്കിന് ആണെന്നും വിതരണക്കാർ മാറുന്നത് അനുസരിച്ചു വിലയിൽ വ്യത്യാസം ഉണ്ടാകും എന്നും ഇവർ പറയുന്നു. അതേ സമയം കമ്പനികളും വിതരണക്കാരും ഷോപ്പ് ഉടമകളും തമ്മിലുള്ള ധാരണയാണ് ഈ വിലക്കയറ്റത്തിന് കാരണം എന്നും ആവശ്യക്കാർ ആരോപിക്കുന്നു.
ഒരു മാസ്ക്കിന് ആറു മണിക്കൂർ വരെയാണ് ഉപയോഗം പിന്നെ പുതിയത് ധരിച്ചു പഴയ മാസ്ക്ക് നശിപ്പിച്ചു കളയണം. ഒരു ദിവസം കിരഞ്ഞത് ഒരാൾക്ക് മൂന്നെണ്ണം എന്ന കണക്കിൽ ശരാശരി ഒരു കുടുംബത്തിൽ അഞ്ചെണ്ണം എന്ന കണക്കു വന്നാൽ ഇരുപത്തി അഞ്ചു രൂപക്ക് വാങ്ങിയാലും 125 രൂപയാകും. ഇതാകട്ടെ ധരിച്ചു ഒരുമണിക്കൂർ ആകുമ്പോഴേക്കും തുന്നൽ ഇളകി നശിച്ചു ഉപയോഗ ശൂന്യമാകും.
അങ്ങനെ ആകുമ്പോൾ ഒരാൾക്ക് ഒരു ദിവസം കുറഞ്ഞത് പത്തു മാസ്ക്ക് എങ്കിലും കരുതേണ്ടി വരും. ഇതു സാധാരണ കുടുംബങ്ങളിൽ ഉള്ളവർക്ക് സാധ്യമാകില. അതേ സമയം സർക്കാർ പൊതുജന ആവശ്യം കണക്കിലെടുത്തു പത്തു രൂപയ്ക്ക് എങ്കിലും മാസ്ക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ എല്ലാ മെഡിക്കൽ കേന്ദ്രങ്ങളിലും സ്വകാര്യ വിതരണക്കാർ എത്തിക്കുന്ന മാസ്ക്ക് ഗുണനിലവാരം ഉള്ളതാണോ എന്നു പരിശോധിക്കണമെന്നും വിലയിലും ഗുണനിലവാരത്തിലും വീഴ്ച കണ്ടെത്തുന്ന പക്ഷം കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നു.