സംസ്ഥാനത്താകെ രാത്രി നടത്തത്തില്‍ പങ്കെടുത്തത്
4500 ഓളം സ്ത്രീകള്‍
തിരുവനന്തപുരം : 'പൊതു ഇടം എന്റേതും' എന്ന് ഉറപ്പിച്ച് അന്തര്‍ദേശീയ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകളോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും രാത്രി നടത്തത്തില്‍ പങ്കാളിയായി. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ സധൈര്യം മുന്നോട്ടിന്റെ ഭാഗമായാണ് ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി നടത്തത്തിന് തുടക്കം കുറിച്ചത്. രണ്ട് മാസത്തിലേറെ കാലമായി 600ലധികം കേന്ദ്രങ്ങളില്‍ പതിനായിരക്കണക്കിന് സ്ത്രീകളാണ് രാത്രി നടത്തത്തില്‍ പങ്കാളിയായത്. ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീട് സമൂഹം അംഗീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.
സമൂഹത്തില്‍ തുല്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കേണ്ടതാണ്. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങളും അടിച്ചമര്‍ത്തലുമുണ്ട്. വിവിധ ഇടപെടലിലൂടെ മാത്രമേ ഇതിന് പരിഹാരമുള്ളൂ. സ്ത്രീകള്‍ക്കും സഞ്ചാര സ്വാതന്ത്യമുണ്ട്. പൊതു ഇടം സ്ത്രീകളുടേയും കൂടിയാണ്. അത് സമൂഹം അംഗീകരിക്കണം. അതിനും കൂടിയാണ് രാത്രി നടത്തം സംഘടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നിശാഗന്ധിയില്‍ നിന്നും കിഴക്കേകോട്ട ഗാന്ധി പാര്‍ക്കിലേക്ക് നടന്ന രാത്രി നടത്തത്തിലാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് രാത്രി നടത്തം തുടങ്ങിയത്.
വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്, ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി, വനിത വികസന കോര്പറേഷന് എം.ഡി. വിസി. ബിന്ദു, ജില്ല വനിത ശിശു വികസന ഓഫീസര്‍ സബീന ബീഗം, അഡീഷണല്‍ ഡയറക്ടര്‍ സുന്ദരി എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍, മറ്റ് വനിതകള്‍ എന്നിവര്‍ രാത്രി നടത്തത്തില്‍ പങ്കെടുത്തു.
ജില്ലാ വനിത ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി കൂട്ടായ്മ, റസിഡന്‍സ് അസോസിയേഷന്, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇതോടൊപ്പം നൈറ്റ് ഷോപ്പിംഗും നടന്നു.
വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും രാത്രി നടത്തം സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലുമായി 4,500 ഓളം വനിതകള്‍ രാത്രി നടത്തത്തില്‍ പങ്കെടുത്തുവെന്നാണ് പ്രാഥമിക കണക്ക്. കൊല്ലത്താണ് ഏറ്റവുമധികം സ്ത്രീകള്‍ പങ്കെടുത്തത്. 1100 പേരാണ് കൊല്ലത്ത് പങ്കെടുത്തത്. തിരുവനന്തപുരത്ത് 500 ഓളം പേരാണ് അണി ചേര്‍ന്നത്.
രാത്രി നടത്തം ഗാന്ധിപാര്‍ക്കിലാണ് അവസാനിക്കുന്നത്. അവിടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നു. തുടര്‍ന്ന് വനിതാ പുലരി ആഘോഷങ്ങളോടെയാണ് വനിതാ വാരാചരണത്തിന്റെ സമാപനം.