തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലേക്കുമുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി. വോട്ടിംഗ് മെഷീനുകളില്‍ ബാലറ്റ് പതിക്കുന്ന പ്രക്രിയയാണ് കമ്മീഷനിംഗ്. 168 ബൂത്തുകളിലും ഉപയോഗിക്കാനുള്ള മെഷീനുകളില്‍ ബാലറ്റ് പതിച്ചശേഷം പട്ടം സെന്റ് മേരീസ് സ്കൂളിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി.
ഇവ ഒക്ടോബര്‍ 20ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. മെഷീനുകളുടെ വിതരണവും വോട്ടെണ്ണലും നടക്കുന്ന പട്ടം സെന്റ്മേരീസില്‍ സുശക്തമായ സുരക്ഷാ സംവിധാനം പോലീസ് ഒരുക്കിയിട്ടുണ്ട്. കേന്ദ്രപോലീസ്, ആംഡ് ബറ്റാലിയന്, കേരളപോലീസ് എന്നിവയുടെ ത്രിതല സുരക്ഷാ സംവിധാനം ഇവിടുണ്ട്.
മണ്ഡലത്തിലെ 48 സെന്‍സിറ്റീവ് ബൂത്തുകളില്‍ 37 എണ്ണത്തില്‍ വെബ്കാസ്റ്റിംഗ് നടത്തും. 11 എണ്ണത്തില്‍ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം 16,17,18 തീയതികളില്‍ നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, വെള്ളയമ്പലത്തെ പഞ്ചായത്ത് അസോസിയേഷന് ഹാള്‍, ഫോറസ്റ്റ് ഹെഡ്ക്വോര്‍ട്ടേഴ്സിലെ വനശ്രീ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പരിശീലനം.
പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്ക്വാഡുകള്‍, പൊതുസ്ഥലത്തെ നിയമവിരുദ്ധ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനുള്ള ആന്റി ഡീഫെയ്സ്മെന്റ് ടീം, പണം, മയക്കുമരുന്ന് എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കുന്ന സര്‍വയലന്‍സ് ടീം എന്നിവ മണ്ഡലത്തില്‍ മുഴുവന്‍സമയ നിരീക്ഷണം നടത്തുന്നുണ്ട്.


