തിരുവനന്തപുരം : മയക്കുമരുന്ന് വേട്ട ശക്തമായി തുടരുന്ന എക്സൈസ് ഉദ്യോഗസ്ഥരെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അഭിനന്ദിച്ചു. കാറിൽ കടത്തിക്കൊണ്ടു വന്ന 23 കോടി രൂപയുടെ ഹാഷിഷ് ഓയിൽ പാലക്കാട് പൊള്ളാച്ചി റോഡിൽ നൊമ്പിക്കോടു വെച്ച് കഴിഞ്ഞ ദിവസം രാത്രി സംസ്ഥാന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തത് സംസ്ഥാനത്തിനാകെ അഭിമാനം പകരുകയാണ്.
20 കോടിയുടെ മയക്കുമരുന്ന് കേസിൽ രക്ഷപ്പെട്ട പ്രതിയെ ജീവൻ പണയം വെച്ച് അതിസാഹസികമായി പിടികൂടിയതിനു തൊട്ടുപിന്നാലെയാണ് പാലക്കാട്ടെ ഹാഷിഷ് ഓയിൽ വേട്ട.
സാമുഹ്യ പ്രതിബദ്ധതയോടെ ധീരമായി എൻഫോഴ്സ്മെന്റ് പ്രവർത്തനം തുടരുന്ന എക്സൈസ് സ്പെഷ്യൽ സ്ക്വാഡിനെയും എക്സൈസ് സേനാംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
മയക്കുമരുന്ന് മാഫിയയെ തളയ്ക്കാനുള്ള നടപടികൾക്ക് സമൂഹത്തിന്റെയാകെ പിന്തുണ ഉണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.


