തിരുവനന്തപുരം: ഇസ്രയേലില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് മരിച്ച ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ അഞ്ചുതെങ്ങ് കടയ്ക്കാവൂർ തെക്കുംഭാഗം ജോയൽ ഭവനിലെ ജെറോം ആർതർ ഫിലിപ്പ് (40) ന്റെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും.
ജെറോമിനെ ഭാര്യ സുനിത ജെറോം ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് മുഖാന്തരം ഇസ്രായേലിലെ ഇന്ത്യൻ എംബസിയും നോർക്ക റൂട്ട്സ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് തീരുമാനമായത്.
ഇസ്രായേലിലെ ടെൽഅവീവ് വിമാനത്താവളത്തിൽ നിന്നും ഡൽഹി വിമാനത്താവളത്തിൽ രാത്രി 10.25ന് കൊണ്ടുവന്നശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ വൈകുന്നേരം 6.25ന് എത്തിക്കും.
ആക്രമണത്തില്‍ സുഹൃത്തും മറ്റൊരു മലയാളിയുമായ പീറ്റര്‍ സേവ്യര്‍ (60) പരിക്കേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്‍ മരിച്ച ജെറോമിന്റെ സഹമുറിയന്മാരായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടെല്‍അവീവിലെ സതേണ്‍ നേവ് ഷണല് സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്.