കാട്ടാക്കട : പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ കാപ്പിക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ അസമയത്ത് പുകയുയർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നാട്ടുകാർ കാണുന്നത്. അടുത്തിടെ സഹകരണ സംഘത്തിനെതിരെ 65 പ്രകാരം അന്വേഷണം നടക്കുകയും ഇതിന്റെ റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പിന് കൈമാറാനിരിക്കുകയും ചെയ്യുന്നതിനിടെ സഹകരണ സംഘം പരിസരത്തു തീ പടർന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കി.
തീ പടരുന്നത് കണ്ടു നാട്ടുകാർ വാർഡ് അംഗത്തെ അറിയിച്ചു. തുടർന്ന് വാർഡ് അംഗം സ്ഥലത്ത് എത്തുകയും പോലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു. അതേ സമയം സംഭവത്തെ തുടർന്ന് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ജീവനക്കാരൻ സമീപവാസിയും മുൻ സെക്രട്ടറിയുടെ മകനെ കൈയേറ്റത്തിന് മുതിർന്നത് നാട്ടുകാർ തമ്മിൽ വാക്കേറ്റവും തർക്കവും ഉടലെടുത്തു.
ഇതിനിടെ കാട്ടാക്കട പോലീസ് സംഭവ സ്ഥലത്ത് എത്തിയതോടെ രംഗം ശാന്തമായി. പോലീസ് തീയണക്കാൻ ബന്ധപ്പെട്ടവരോട് അവശ്യപ്പെട്ടെങ്കിലും ആരും തയ്യാറാകാത്തതിനെ തുടർന്ന് കാപ്പിക്കാട് വാർഡ് അംഗം തീയണക്കാൻ എത്തിയതോടെ സമീപ വാർഡിലെ മെമ്പർ തടഞ്ഞു. ഇത് തർക്കത്തിനിടയായി. ഉടൻ പോലീസ് എത്തി ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു.
അതെ സമയം വൈകുന്നേരം ഓഫീസ് വൃത്തിയാക്കി ചപ്പു ചവറുകളും പാഴ് വസ്തുക്കളും കത്തിച്ചതാണ് എന്നാണ് ബന്ധപ്പെട്ടവർ പറയുന്നതു. എന്നാൽ 2004 മുതൽ ഉള്ള രസീതുകളും അനുബന്ധ രേഖകളുമാണ് കത്തിച്ചത് എന്നാണ് നാട്ടുകാരും ക്ഷീരകർഷകരും പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കാപ്പിക്കാട് വാർഡ് അംഗം ഇതു സംബന്ധിച്ചു അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കാട്ടാക്കട പോലീസിൽ പരാതി നൽകി.