കാട്ടാക്കട : കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന 'വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി' പദ്ധതിയുടെ ഭാഗമായി കിണര്‍ സംപോഷണം നടത്തിയ കിണറുകളില്‍ ജലനിരപ്പ് രേഖപ്പെടുത്തുന്നതിന് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. ഭൂജല വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സ്കൂളുകളില്‍ ജല ക്ലബുകളുടെ സഹായത്തോടെയും മറ്റു സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് ജലനിരപ്പ് അളന്നു രേഖപ്പെടുത്തുന്നത്.
പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം പേയാട് സെന്റ് സേവ്യേഴ്സ് സ്കൂളില്‍ ഐ.ബി. സതീഷ് എം.എല്‍.എ. നിര്‍വഹിച്ചു. കിണര്‍ സംപോഷണം നടപ്പിലാക്കിയ സ്കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും ഉള്‍പ്പടെയുള്ള 36 പൊതു സ്ഥാപനങ്ങളിലെ കിണറുകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. മണ്ഡലത്തിലെ വ്യത്യസ്ഥ ഭൂപ്രദേശങ്ങളില്‍ നിന്നും ഓരോ മാസവും ലഭിക്കുന്ന റീഡിങ്ങുകള്‍ ക്രോഡീകരിക്കുന്നതിലൂടെ ഭൂഗര്‍ഭ ജലവിതാനത്തിലുണ്ടാക്കുന്ന പുരോഗതി കൃത്യമായി മനസിലാക്കാന്‍ കഴിയും.
ഉദ്ഘാടന ചടങ്ങില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍ ഡോ. ജി. ബിന്ദു അധ്യക്ഷത വഹിച്ചു. ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ആര്.എസ്. റോയ്, ഭൂജല വകുപ്പ് അസിസ്റ്റന്റ് എസ്സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ്.ആര്. ശ്രീജേഷ്, പി.റ്റി.എ പ്രസിഡന്റ് കെ.കെ. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


