തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ മഴ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായതല്ലെന്ന് കേരള കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ. ഗോപാൽ വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തോതിൽ മഴ ലഭിച്ചതാണ് പലയിടത്തും മഴയുടെ ആഘാതം രൂക്ഷമാക്കാൻ കാരണമായതെന്ന് അവർ പറഞ്ഞു. വരും ദിവസങ്ങളിലും മഴയുടെ കാര്യത്തിൽ അതീവ ജാഗ്രത തുടരണമെന്നും നീത കെ. ഗോപാൽ മുന്നറിയിപ്പ് നൽകി.
അപ്രതീക്ഷിതമായി ചെറിയ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യം നിലവിലുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ പറഞ്ഞു. ഇത്തരം മഴ മണ്ണിടിച്ചിൽ, മിന്നൽപ്രളയം, ശക്തമായ മലവെള്ളപ്പാച്ചിൽ, കുത്തൊഴുക്ക് തുടങ്ങിയ അപകടങ്ങൾക്ക് കാരണമാകാം. സാധാരണയായി അഞ്ചു മുതൽ പത്തു കിലോമീറ്റർ വരെ ചുറ്റളവിൽ മാത്രമായി ഇത്തരം അതിശക്തമായ മഴ പെയ്യുന്നതിനാൽ മഴയുടെ ആഘാതം ഒരു പ്രദേശത്ത് കേന്ദ്രീകരിക്കാനുള്ള സാധ്യത കൂടുതലാണെന്നും അവർ വിശദീകരിച്ചു.
മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പുതന്നെ ഇത്തരം മഴ പെയ്തിറങ്ങുന്നത് അപകടസാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായി ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായെങ്കിലും അതിന് കാരണം മേഘവിസ്ഫോടനമല്ലെന്ന് നീത കെ. ഗോപാൽ വ്യക്തമാക്കി.
കേരളത്തിന്റെ കരഭാഗങ്ങളിൽ ചൂട് കൂടുതലായി നിലനിന്നിരുന്ന സാഹചര്യത്തിലാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ ശക്തമായ മഴയുണ്ടായത്. കരഭാഗങ്ങളിലെ ചൂട് വർധിച്ചുനിൽക്കുന്ന സമയത്ത് രൂപപ്പെടുന്ന മഴമേഘങ്ങൾ വളരെ ഉയരത്തിൽ വളരുന്ന ഇടിമേഘങ്ങളായിരിക്കുമെന്നും അതിൽനിന്ന് ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും എൽനിനോ പ്രതിഭാസവും ഇത്തരം മഴയുടെ പ്രധാന കാരണങ്ങളിലൊന്നാണെന്നും അവർ ചൂണ്ടിക്കാട്ടി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സഞ്ചാരപാതയും ശക്തിയും അനുസരിച്ച് കേരളത്തിലെ മഴ മുന്നറിയിപ്പുകളിൽ മാറ്റമുണ്ടാകുമെന്നും നീത കെ. ഗോപാൽ അറിയിച്ചു.
ന്യൂനമർദ പാത്തി തുടരുന്നതിനാൽ സെപ്റ്റംബർ 21 മുതൽ 25 വരെ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. സെപ്റ്റംബർ 21, 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
സെപ്റ്റംബർ 21, 22 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നിലവിലുണ്ട്.


