ചെന്നൈ : തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ടാസ്മാക് മദ്യവിൽപന ശാലകളിൽ 717 എണ്ണം അടയ്ക്കാൻ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിറക്കി. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന കടകളാണ് പൂട്ടുന്നത്.
500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യവിൽപന ശാലകൾക്കെതിരെയാണ് നടപടി. സാമൂഹിക ക്ഷേേമത്തിനും പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തീരുമാനം.
സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 4,765 ടാസ്മാക് കടകളിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് നടപടി സ്വീകരിച്ചത്. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 കടകളും ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 കടകളും അടയ്ക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വിജയ് പുറത്തിറക്കിയ പ്രധാന ഉത്തരവുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മദ്യവിൽപന നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കർശന നിലപാട് സ്വീകരിക്കുമെന്ന സൂചന കൂടിയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
അഴിമതി വിരുദ്ധ നടപടികൾ, സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക സേന, വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങളും വിജയ് സർക്കാർ ഇതിനോടകം മുന്നോട്ടുവച്ചിട്ടുണ്ട്. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ജനക്ഷേമം മുൻനിർത്തിയുള്ള നടപടികൾ തുടരുമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങളിൽ ഉടൻ ഇടപെടുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.


