കാട്ടാക്കട : കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു. പൂവച്ചൽ പഞ്ചായത്തിലെ കാട്ടാക്കട തോട്ടംപറയിലും കുറകോണം, പാറമുകളിലും ആണ് വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ പതിച്ചത്. കാട്ടാക്കട, തോട്ടംപറയിൽ ജയചന്ദ്രൻ, ഭാസ്ക്കരൻ ആശാരി എന്നിവരുടെ വീടുകൾക്ക് നാശം സംഭവിച്ചു. ഒരു വീട് ഭാഗികമായും ഒരു വീടിൻറെ പടിക്കെട്ടുകളും വാട്ടർ ടാങ്കും തകർന്നു. കൂറ്റൻ ആഞ്ഞിലി മരവും തെങ്ങും ആണ് വീടിനു മുകളിലൂടെ പതിച്ചത്. ആളപായം ഇല്ല.
കുറകോണം, പാറമുകൾ വിഷ്ണു ഭവനിൽ വിജയൻ - ഓമന ദമ്പതികളുടെ വീടും തകർന്നു. സ്വന്തം പുരയിടത്തിൽ നിന്ന റബ്ബർ മരവും പ്ലാവ്മാണ് വീടിനു മുകളിൽ പതിച്ചത്. ഇന്നലെ 4 മണിയോടെ വീശി അടിച്ച കാറ്റിലാണ് മരങ്ങൾ കടപുഴകിയത്. ഈ സമയം ഇവർ ടിവി കാണുകയായിരുന്നു. ഇവർ പെട്ടെന്ന് വീടിന് പുറത്ത് ഇറങ്ങിയതിനാൽ മറ്റ് അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. മുൻവശത്തെ മേൽകൂരയിലെ ഷീറ്റ്, വാതിൽ, ബാത്തുറൂം, ടി.വി, റഫ്രിജറേറ്റർ, പാത്രങ്ങൾ തുടങ്ങിയ തകർന്നു.