തിരുവനന്തപുരം : ലോക്ക്ഡൗണ് ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എപിഡമിക് ആക്ട് പ്രകാരം കേസെടുക്കും: മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അനാവശ്യമായി പുറത്തിറങ്ങിയ 22,338 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12883 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്.
സൗജന്യ റേഷൻ വിതരണം 14.5 ലക്ഷം പേർക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്തു
റേഷൻ വിതരണത്തിന്റെ ആദ്യ ദിനത്തിൽ 14.5 ലക്ഷം പേർക്ക് റേഷൻ കടകൾ വഴി ഭക്ഷ്യധാന്യം വിതരണം ചെയ്തു. 21,472 മെട്രിക് ടൺ അരിയാണ് നൽകിയത്. അരിയുടെ അളവിൽ കുറവുണ്ടായതായി ഒറ്റപ്പെട്ട പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടിയുണ്ടാവും.
വ്യാഴാഴ്ച മുതൽ മിൽമയുടെ പാൽ സംഭരണം വർധിക്കും
കേരളത്തിൽ 1.80 ലക്ഷം ലിറ്റർ പാൽ മിച്ചംവരുന്ന അവസ്ഥയിൽ പാൽപ്പൊടി നിർമിക്കാൻ തമിഴ്നാടിന്റെ സഹായം തേടിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പ്രതിദിനം 50000 ലിറ്റർ പാൽ ഈറോഡ് പാൽപ്പൊടി ഫാക്ടറിയിൽ സ്വീകരിക്കാമെന്ന് തമിഴ്നാട് ക്ഷീരഫെഡറേഷൻ അറിയിച്ചു. കൂടുതൽ പാൽ സ്വീകരിക്കാൻ ശ്രമിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഈ നടപടിയിൽ തമിഴ്നാട് മുഖ്യമന്ത്രിയെയും സർക്കാരിനെയും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മിൽമയുടെ പാൽ സംഭരണം വർധിക്കും
വ്യാഴാഴ്ച മുതൽ മിൽമയുടെ പാൽ സംഭരണം വർധിക്കും. പാൽ അംഗൻവാടികൾ മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നൽകാനും നടപടി സ്വീകരിക്കും. കൺസ്യൂമർഫെഡിന്റെ ശൃംഖല വഴി പാൽ വിതരണം ചെയ്യാൻ സംവിധാനമുണ്ടാവും. ജനങ്ങൾ കൂടുതൽ പാൽ വാങ്ങി ക്ഷീരകർഷകരെ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സന്നദ്ധസേനയിലേക്ക് 2,01,950 പേർ രജിസ്റ്റർ ചെയ്തു
സന്നദ്ധസേനയിലേക്ക് ഇതുവരെ 2,01,950 പേർ സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്തു. യുവജനകമ്മീഷൻ മുഖേന രജിസ്റ്റർ ചെയ്ത 21,000 പേരും സന്നദ്ധം പോർട്ടലിന്റെ ഭാഗമാവും. സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ പഞ്ചായത്ത് അടിസ്ഥാനത്തിലാക്കും. സന്നദ്ധപ്രവർത്തനം നാടിന് മാതൃകയായി നടക്കേണ്ടതാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇതിനിറങ്ങരുത്. അത്തരം ചിലർ ഇറങ്ങിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സ്വന്തമായി ബാഡ്ജ് അടിച്ച് സ്വയംപ്രഖ്യാപിത സന്നദ്ധപ്രവർത്തകരായി നടക്കുന്നതും ഒഴിവാക്കണം. അപൂർവമായെങ്കിലും വേതനം നൽകി സന്നദ്ധപ്രവർത്തനം നടത്തിക്കുന്നത് ശ്രദ്ധയിൽപെട്ടു. അത് അംഗീകരിക്കാനാവില്ല.
അതിഥി തൊഴിലാളികളുടെ താമസവും ഭക്ഷണവും സർക്കാർ ഉറപ്പു വരുത്തും
അതിഥി തൊഴിലാളികൾക്ക് മതിയായ താമസവും ഭക്ഷണവും സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. ചില ഫാക്ടറികളിലെ അതിഥി തൊഴിലാളികൾ അവിടെ തന്നെ താമസിക്കുകയും അവർ നൽകുന്ന ഭക്ഷണം കഴിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ചില കമ്പനികൾ ഇവരെ സർക്കാരിന്റെ ഭക്ഷണ ക്യാമ്പിലേക്ക് അയയ്ക്കുന്നു. ഈ നടപടി ശരിയല്ല. നേരത്തെ നൽകിയിരുന്ന സൗകര്യം തൊഴിലാളികൾക്ക് തുടർന്നും നൽകണം.
തഗ്ലിബ് സമ്മേളനത്തിൽ പങ്കെടുത്ത 60 പേർ നിരീക്ഷണത്തിൽ
തഗ്ലിബ് സമ്മേളനത്തിൽ പങ്കെടുത്ത 60 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതിൽ പ്രത്യേക ഭയപ്പാടിന്റെ ആവശ്യമില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണം നടക്കുന്നതായി കാണുന്നു. സമൂഹമാധ്യമങ്ങളിലാണ് അസഹിഷ്ണുത നിറഞ്ഞ പ്രചാരണം കാണുന്നത്. രോഗകാലത്ത് വർഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങരുത്.
കടമുറികക്ക് ഒരുമാസത്തെ വാടക ഒഴിവാക്കി നൽകും ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ
അടച്ചിട്ടിരിക്കുന്ന കടമുറികൾക്ക് ഒരുമാസത്തെ വാടക ഒഴിവാക്കി നൽകുമെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ജോർദാനിൽ കുടുങ്ങിയ സിനിമസംഘത്തിന്റെ കാര്യത്തിൽ സംസ്ഥാനം ഇടപെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സിനിമ സംഘത്തിന് ആവശ്യമായ സഹായം നൽകുമെന്ന് ജോർദാനിലെ ഇന്ത്യൻ എംബസി ഇമെയിലിലൂടെ അറിയിച്ചിട്ടുണ്ട്.
കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പും സമാഹരണവും
പ്രാദേശിക കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിനും സമാഹരണത്തിനും തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധചെലുത്താൻ നടപടിയെടുത്തിട്ടുണ്ട്. പൈനാപ്പിൾ, മാങ്ങ വിളവെടുപ്പിലെ പ്രശ്നങ്ങളിൽ കൃഷിവകുപ്പ് നടപടി സ്വീകരിച്ചു. കുരുമുളക്, കശുഅണ്ടി തുടങ്ങിയവ വിളവെടുത്ത് കർഷകർ സൂക്ഷിക്കണം. ഏലംകൃഷിക്ക് മരുന്ന് അടിക്കേണ്ട സമയമാണ്. ഇതിന് സൗകര്യമൊരുക്കും. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി സംഭരണം നടത്തും. മത്സ്യലേലം നിരോധിച്ചിട്ടുണ്ട്. ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ വിൽപന വില നിശ്ചയിക്കും.
രോഗികൾക്ക് മരുന്ന് എത്തിക്കാനും ഫയർഫോഴ്സിന്റെ സേവനം വിനിയോഗിക്കും
സംസ്ഥാനതലത്തിൽ പൊതുയിടങ്ങൾ അണുവിമുക്തമാക്കുന്നതിന് ഫയർഫോഴ്സ് സ്തുത്യർഹമായ നടപടിയാണ് സ്വീകരിക്കുന്നത്. അത്യാവശ്യ രോഗികൾക്ക് മരുന്ന് എത്തിക്കാനും ഫയർഫോഴ്സിന്റെ സേവനം വിനിയോഗിക്കും. വളരെ അകലെയുള്ള സ്ഥലങ്ങളിൽ മരുന്ന് എത്തിക്കേണ്ട കാര്യത്തിൽ പോലീസ് നടപടി സ്വീകരിക്കും.
വ്യാജമദ്യത്തിന്റെ ഉത്പാദനം കർശനമായി തടയും
വ്യാജമദ്യത്തിന്റെ ഉത്പാദനം കർശനമായി തടയും. മദ്യാസക്തി കൂടുതലുള്ളവരെ ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും വിമുക്തി കേന്ദ്രങ്ങളിലെത്തിക്കാൻ ഇടപെടണം. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില എന്നിവ പരിശോധിക്കുന്നതിന് വിജിലൻസിനെ ചുമതലപ്പെടുത്തിയിരുന്നു. 212 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 91 പേർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസലിംഗ് നൽകുന്നതിന് 947 പേരെ സജ്ജമാക്കിയിട്ടുണ്ട്. ഇത് വിപുലപ്പെടുത്തും. അജ്ഞതയും തെറ്റിദ്ധാരണയും ഭയവും മൂലം രോഗം മാറിയവരെ വീട്ടിൽ കയറ്റാതിരിക്കുന്ന സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെയും ബോധവത്കരണവും കൗൺസലിംഗും വേണ്ടിവരും. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങൾ കണ്ടെത്തി തടയാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കൽ
വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നിലവിൽ ചരക്ക് വിമാനങ്ങളുടെ സേവനം വിനിയോഗിക്കേണ്ടി വരും. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ ഉദ്ദേശിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ബാച്ചിലർ താമസസൗകര്യം ഉപയോഗിക്കുന്നവർക്ക് ക്വാറന്റൈനിൽ പോകാൻ ബുദ്ധിമുട്ടുണ്ടാവുന്ന സ്ഥിതിയാണ്. അത്തരക്കാരെ താമസിപ്പിക്കാൻ അവിടങ്ങളിലെ എംബസികൾ സൗകര്യം ഒരുക്കുന്നകാര്യവും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരും.
ക്ഷേമ പെൻഷനുകൾ
ക്വാറന്റൈനിൽ കഴിയുന്നവരുടെ ക്ഷേമ പെൻഷനുകൾ ബന്ധപ്പെട്ട ബാങ്കുകളിൽ സൂക്ഷിക്കുമെന്ന് ക്വാറന്റൈൻ കാലയളവിനുശേഷം പണം വാങ്ങാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ അരി വീടുകളിലെത്തിക്കും.
കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിൽ പുരോഗതിയുണ്ടായിട്ടുണ്ട്. ബുധനാഴ്ച 2153 ട്രക്കുകൾ സാധനങ്ങളുമായെത്തി.
കർണാടകവുമായുള്ള അതിർത്തിയിലെ പ്രശ്നം നിലനിൽക്കുന്നു. മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോകാൻ കഴിയാതെ ഏഴു പേർ മരണപ്പെട്ടു.
സംസ്ഥാനത്ത് 1316 കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു. 2,70,913 പേർക്ക് ബുധനാഴ്ച ഭക്ഷണം നൽകി. 2,45,607 പേർക്ക് സൗജന്യമായാണ് നൽകിയത്.
ലോകത്ത് പലഭാഗങ്ങളിലും മലയാളികളായ നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. പലയിടത്തും ആവശ്യമായ സുരക്ഷാക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു.ഈ വിഷയവും കേന്ദ്രസർക്കാരിനെ അറിയിക്കും.
ആരോഗ്യപ്രവർത്തകർക്ക് നൽകുമെന്നറിയിച്ച ഇൻഷുറൻസ് പരിരക്ഷയിൽ പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകർ, റേഷൻ വ്യാപാരികൾ, പാചകവാതക വിതരണക്കാർ, പോലീസ് എന്നിവരെക്കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കും.
കുട്ടികൾക്കുള്ള വാക്സിനുകൾ നൽകുന്നതിന് ആരോഗ്യവകുപ്പ് സംവിധാനം ഒരുക്കും.
കളമശേരി മെഡിക്കൽ കോളേജിൽ 30 ഐ. സി. യു യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് ഒരു കോടി രൂപയും പത്തനംതിട്ട താലൂക്ക് ആശുപത്രിക്ക് 56 ലക്ഷം രൂപയും ബി. പി. സി. എൽ നൽകും.
ലോക്ക്ഡൗൺ ആയതിനാൽ മാർച്ച് 31ന് വിരമിച്ചവർക്ക് യാത്രയയപ്പിന് പ്രത്യേക ചടങ്ങുകളൊന്നും ഉണ്ടായില്ല. പലരും ഒറ്റയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകുന്ന ചിത്രങ്ങൾ കണ്ടു. വിരമിച്ച എല്ലാവർക്കും ആശംസ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പായിപ്പാട്ടെ പ്രശ്നം ആവർത്തിച്ചു കാണിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ ഒഴിഞ്ഞു നിന്നു. അതിന്റെ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യില്ലെന്ന് ആദ്യമേ പറഞ്ഞ ഒരു ചാനലിനു നേരേ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം ഉണ്ടായതായി പരാതിയുണ്ട്. പരാതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.