തിരുവനന്തപുരം : കെ.എസ്ആർ.ടി.സിയിൽ 2,107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. തിങ്കളാഴ്ച രാവിലെ മാത്രം നൂറില്‍ അധികം സര്‍വീസുകള്‍ മുടങ്ങി. 500-ല്‍ അധികം സര്‍വീസുകള്‍ മുടങ്ങിയേക്കാമെന്നാണു കെഎസ്ആര്‍ടിസി നല്കുന്ന വിവരം.
അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ അടക്കം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തിങ്കളാഴ്ചകളില്‍ തിരക്കേറുമെന്നതിനാല്‍ സാധാരണ കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാറുണ്ട്.
അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം ആരംഭിച്ച ശേഷം വരുന്ന ആദ്യത്തെ തിങ്കളാഴ്ചയായതിനാല്‍ തന്നെ ദീര്‍ഘദൂര സര്‍വീസുകളിലെല്ലാം വന്‍തിരക്കാവും അനുഭവപ്പെടുക.
ആവശ്യത്തിനു ഡ്രൈവര്‍മാരില്ലാതെ വരുന്നതോടെ ഈ ഷെഡ്യൂളുകളും റദ്ദാക്കേണ്ടിവരും.
സ്വകാര്യ സര്‍വീസുകള്‍ കുറവായ തെക്കന്‍ കേരളത്തെയാകും പ്രതിസന്ധി കൂടുതല്‍ ബാധിക്കുക. ചൊവ്വാഴ്ചയോടെ താത്കാലിക ജീവനക്കാരെ സര്‍വീസുകളില്‍ നിയോഗിച്ച് പ്രശ്നം പരിഹരിക്കാനാവുമെന്നാണ് കോര്‍പറേഷന്റെ കണക്കുകൂട്ടല്‍. അവധിയിലുള്ള ഡ്രൈവര്‍മാരോട് അടിയന്തര സാഹചര്യം കണക്കിലെടുത്തു ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെയാണ് എംപാനല്‍ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി ശനിയാഴ്ച കൂട്ടത്തോടെ പിരിച്ചുവിട്ടത്. സംസ്ഥാനത്തുടനീളം സര്‍വീസുകളെ ഇതു ബാധിച്ചു. ഞായറാഴ്ച 606 സര്‍വീസുകളാണു റദ്ദാക്കിയത്.




