തിരുവനന്തപുരം : ഓപ്പറേഷന്റെ എക്സ് വണ്ണിന്റെ ഭാഗമായി നടന്ന പരിശോധനയിൽ 3.100 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിലായി.
കിഴക്കേകോട്ട തകരപറമ്പിന് സമീപം താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി ഗോകുൽ മണ്ഡൽ എന്ന അന്യ സംസ്ഥാന തൊഴിലാളിയെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന കഞ്ചാവ് തകരപറമ്പ് വാടക വീട്ടിൽ ശേഖരിച്ച് വച്ച ശേഷം മൊത്തമായും, ചില്ലറയായും കിഴക്കേകോട്ട ഭാഗത്ത് വിൽപന നടത്തി വരികയായിരുന്നു ഇയാൾ. ഒറീസ്സ കഞ്ചാവ് മാത്രം ഉപയോഗിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് മുതൽ നഗരത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് വരെ ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡ് ഇൻസ്പെക്ടർ സി.പി പ്രവീൺ ഐ.ബി യുമായി ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.


