തിരുവനന്തപുരം : കര്‍ക്കടക വാവുബലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെയും ശംഖുംമുഖത്തെയും ഒരുക്കങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കര്‍ക്കടക വാവ് ബലിക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളായ തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദന സ്വാമിക്ഷേത്രം, അരുവിക്കര, ആലുവ, തിരുമുല്ലവാരം തുടങ്ങിയ ക്ഷേത്രങ്ങളിലും ബലി കര്‍മ്മം ചെയ്യുന്ന മറ്റു പ്രധാന സ്ഥലങ്ങളിലെയും ഒരുക്കങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായിട്ടുണ്ട്.
ഭക്തര്‍ക്ക് സുഗമമായ രീതിയില്‍ ബാലിതര്‍പ്പണം ചെയ്യുവാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി തന്റെ നേതൃത്വത്തില്‍ തന്നെ രണ്ട് തവണ വിവിധ വകുപ്പുകളുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നതായും യോഗത്തിലെ തീരുമാനങ്ങള്‍ എല്ലാം നടപ്പിലാക്കുവാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ തിരുവല്ലത്ത് ഇത്തവണ കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നു മണ്ഡപങ്ങള്‍ ഇത്തവണ അധികമായി സജ്ജമാക്കിയിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് ബലി ഇടാനുള്ള സൗകര്യമാണ് തിരുവല്ലത്ത് സജ്ജമാക്കിയിരിക്കുന്നത്.
രൂക്ഷമായ കടലാക്രമണം മൂലം തീരമില്ലാത്ത അവസ്ഥയില്‍ ആയിരുന്ന ശംഖുംമുഖത്ത് കുറച്ചു മാറി പുതിയ തീരം കഴിഞ്ഞ രണ്ട് മൂന്നു ദിവസം കൊണ്ട് രൂപപ്പെട്ടിട്ടുണ്ട്. അത് സുരക്ഷ ഉദ്യോഗസ്ഥര്‍ വിലയിരുത്തി ദേവസ്വം ബോര്‍ഡിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും പോലീസിന്റെയും സഹായത്തോട് കൂടി സുരക്ഷാ ക്രമീകരനങ്ങളോട് കൂടി ബലി തര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലൈഫ് ഗാര്‍ഡിന്റെയും പോലീസിന്റെയും സേവനം ഭക്തരുടെ സുരക്ഷക്കായി ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഏകോപിപ്പിക്കാനായി ഡെപ്യൂട്ടി കലക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് സുരക്ഷ ഉറപ്പുവരുത്തും. ശംഖുമുഖത്ത് അപടകസാധ്യത നിലനില്‍ക്കുന്നതിനാല്‍ ശംഖുമുഖത്ത് ബലിതര്‍പ്പണം നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ശംഖുമുഖത്തെ കടല്‍ക്ഷോഭം കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ മറ്റ് ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ബലി അര്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലിതര്‍പ്പണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ദേവസ്വം ബോര്‍ഡും ജില്ലാഭരണകൂടവും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനായി അതത് ജില്ലാകളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കെ.എസ്.ആര്.ടി.സി ആവശ്യാനുസരണം അധിക ബസ് സര്‍വ്വീസുകള്‍ നടത്തുന്നത് കൂടാതെ പ്രധാന കേന്ദ്രങ്ങളില്‍ കണ്ട്രോള് റൂമുകള്‍ തുറക്കും. മെഡിക്കല്‍ ടീമും ആംബുലന്‍സും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ബലിക്കടവുകളിലും ആവശ്യമായ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.



